മലപ്പുറം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനും പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വാഹന പ്രചാരണ പര്യടനം തുടങ്ങി. കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. അസി. കലക്ടര്‍ അഫ്‌സാന പര്‍വീന്‍, ഡെപ്യൂട്ടി കലക്ടര്‍ പി. മോഹനന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ കെ. അബ്ദുന്നാസര്‍, വി.പി. സുരേഷ്ബാബു, കെ. നാരായണന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
‘കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം’ എന്ന ബാനറിലുളള പ്രദര്‍ശന ബോര്‍ഡില്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാനുള്ള എസ്.എം.എസ്., ടോള്‍ഫ്രീ സംവിധാനങ്ങള്‍ പരിചയപ്പെടുത്തുകയും റിക്കാര്‍ഡ് ചെയ്ത അനൗണ്‍സ്‌മെന്റ് കേള്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. വാഹനം ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും പര്യടനം നടത്തും. വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതിയായ ഏപ്രില്‍ 19 വരെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. അസി. കലക്ടര്‍ അഫ്‌സാന പര്‍വീനിനാണ് ഇതിന്റെ നേതൃത്വം.
ELE<space>ID Card Number എന്ന ഫോര്‍മാറ്റില്‍ 54242 നമ്പറിലേക്ക് എസ്.എം.എസ്. അയക്കുകയോ 1950 ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കുകയോ ചെയ്താല്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം.
