കൊല്ലം : രണ്ടാംഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുണ്ടറ കാക്കോലില്‍ വിഷ്ണുഭവനില്‍ വിജയരാജനെയാണ് കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഇ.ബൈജു ശിക്ഷിച്ചത്.
വിജയരാജന്റെ രണ്ടാംഭാര്യ പുനലൂര്‍ സ്വദേശിനി മിനിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി . 2014 ഡിസംബര്‍ ഒന്‍പതിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത് . വിജയരാജന്റെ ആദ്യഭാര്യയുമായി വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന് കേസ് നടന്നുകൊണ്ടിരിക്കെ 2014 ഏപ്രില്‍ ഒന്നുമുതലാണ് മിനിയുമായി ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇരുവരും വഴക്കിടുന്നത് സ്ഥിരം സംഭവമായിരുന്നു . ഡിസംബര്‍ ഒന്‍പതിന് രാത്രി 10.30-ന് മിനിയെ മര്‍ദിച്ച് കൊല്ലുകയായിരുന്നു. മരണം ഉറപ്പുവരുത്തിയ പ്രതി വീടിനു സമീപത്തുള്ള സെപ്റ്റിക് ടാങ്കിന്റെ മൂടി തുറന്ന് മൃതദേഹം അതില്‍ ഒളിപ്പിച്ചു. ഡിസംബര്‍ 11-ന് മിനിയെ കാണാനില്ലെന്നുകാട്ടി കുണ്ടറ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ പരാതി സമര്‍പ്പിക്കുകയും ചെയ്തു . സംശയം തോന്നിയ പോലീസ് പിന്തുടരുന്നതറിഞ്ഞ വിജയരാജന്‍ ഇടതുകൈത്തണ്ടയിലെ രക്തക്കുഴല്‍ മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് വാങ്ങി ആദ്യഭാര്യയെ കൊല്ലാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
