തിരുവനന്തപുരം: പ്രളയത്തിന് ശേഷമുളള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്തത് കൊണ്ട് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കൈവച്ചതെന്ന നടന്‍ ശ്രീനിവാസന്റെ പ്രസ്താവനയോട് പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്ക്, ശ്രീനിവാസന്‍ പറയുന്നത് ബാലിശമാണെന്നും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം കൃത്യമായി നടന്നിട്ടുണ്ടെന്നും തോമസ് ഐസക് പ്രതികരിച്ചു. കൗമുദി ടിവിയുമായുളള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘എന്ത് ബാലിശമാണ് ഈ മനുഷ്യന്‍ പറയുന്നത്. ഞാന്‍ കുട്ടനാട്ടില്‍ നിന്നും വരുന്ന മനുഷ്യനാണ്. ഞാന്‍ അവിടത്തെ കാര്യം പറയാം. കുട്ടനാട്ടിലെ വെളളത്തില്‍ മുങ്ങിയ 12 പഞ്ചായത്തുകള്‍ക്കും വേണ്ട സഹായങ്ങളെല്ലാം സര്‍ക്കാര്‍ കൊടുത്തു. മുഴുവന്‍ കുടുംബങ്ങള്‍ക്കും മുഴുവന്‍ സഹായവും കൊടുത്തു. എന്താണ് കൊടുക്കാതെ ഇരുന്നിട്ടുളളത്? പ്രളയത്തിന്റെ സമയത്ത് ദുരിതാശ്വാസ ക്യാമ്ബുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത ശേഷം വീട്ടില്‍ താമസിച്ചവരുണ്ട്. അവരുടെ കാര്യത്തിലാണ് പ്രശ്നം വരുന്നത്. ഞങ്ങള്‍ക്ക് ക്ലെയിം ഉണ്ടെന്നു അവര്‍ അവകാശപ്പെടുമ്ബോള്‍ പരിശോധിക്കേണ്ടി വരും. പരിശോധിക്കാന്‍ മന്ത്രിമാര്‍ക്ക് പോകാന്‍ പറ്റാത്ത കൊണ്ട് ഉദ്യോഗസ്ഥരാകും പോകുന്നത്. എല്ലാവരും തന്ന അപ്പീലുകള്‍ പരിശോധിച്ചിട്ടുണ്ട്. അങ്ങനെ പരിശോധന നടത്തി ഏഴര ലക്ഷം പേര്‍ക്കാണ് സഹായങ്ങള്‍ നല്‍കിയിട്ടുളളത്. ഇത് ഇല്ലാത്തതാണെന്നും പറയാന്‍ കഴിയുമോ? അദ്ദേഹം പറയട്ടെ.’ തോമസ് ഐസക്ക് പറഞ്ഞു.
എന്ത് കാര്യം ചെയ്യുമ്ബോഴും ചിലപ്പോള്‍ നേരിയ ചില തെറ്റുകള്‍ പറ്റാമെന്നും പക്ഷെ അത്കൊണ്ട് മാത്രം അത് ചെയ്തിട്ടില്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു, 95 ശതമാനം പേര്‍ക്കും പ്രളയ ദുരിതാശ്വാസം ലഭിച്ചിട്ടുണ്ടെന്നും, ബാക്കിയുള്ള അഞ്ച് ശതമാനത്തിന്റെ കാര്യം തര്‍ക്കത്തില്‍ നില്‍ക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പറയാന്‍ പാടില്ലെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.
‘പ്രളയ ശേഷമുളള പുനര്‍നിര്‍മ്മാണം നടക്കുന്നില്ല എന്ന് പറയുന്നവര്‍ കുട്ടനാട്ടിലേക്ക് നോക്കണം. ഞാന്‍ എല്ലാ ജില്ലകളുടെയും കാര്യം പറയാത്തത് എനിക്ക് കുട്ടനാട് അറിയാം എന്നുളളത് കൊണ്ടാണ്. അവിടെ രണ്ടു ലക്ഷം പേരെ പുനരധിവസിപ്പിച്ചു. ഒരു പകര്‍ച്ചവ്യാധിയും ഉണ്ടായില്ല. വന്‍തോതില്‍ അവിടെ നിറഞ്ഞുകിടന്ന നൂറ്റി ചില്വാണം വരുന്ന അഴുക്കെല്ലാം വൃത്തിയാക്കിയാണ് പുനരധിവാസം നടത്തിയത്. പ്ലാസ്റ്റിക് മാലിന്യങ്ങളും അതില്‍ പെടും. കേടുപാടുകള്‍ സംഭവിച്ച എല്ലാ വീടുകള്‍ക്കും അന്നത്തെ കണക്കനുസരിച്ച് ധനസഹായം കൊടുത്തു. പതിനായിരം രൂപ വെച്ച് എല്ലാവര്‍ക്കും കൊടുത്തു. പ്രളയം കഴിഞ്ഞ് കൃഷി ഇറക്കാന്‍ കഴിയില്ല എന്ന അവസ്ഥ വന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പമ്ബിംഗ് സബ്‌സിഡി കുടിശിക തീര്‍ത്തു, പൊളിഞ്ഞ ബണ്ടുകള്‍ കെട്ടി.’ തോമസ് ഐസക്ക് പറഞ്ഞു.
‘ഇതിനുവേണ്ടി ഗള്‍ഫില്‍ നിന്ന് വരെ പമ്ബിംഗ് യന്ത്രങ്ങള്‍ കൊണ്ട് വന്നു. അതിനുശേഷം കൃഷി ചെയ്തപ്പോള്‍ ഇരട്ടി വിളവാണ് ഉണ്ടായത്. ഇനി പ്രളയം ഉണ്ടായാല്‍ നിലനില്‍ക്കുന്ന രീതിയില്‍ അവിടത്തെ പുളിങ്കുന്ന് ആശുപത്രി, മുകളില്‍ ഹെലിപാഡ് വരെ ഉള്‍പ്പെടുത്തി 150 കോടിക്ക് പുനര്‍നിര്‍മ്മിക്കാന്‍ പോകുകയാണ്. ‘കിഫ്‌ബി’ പദ്ധതി പ്രകാരമാണ് ഇത് ചെയ്യുന്നത്. 252 കോടി രൂപ കൂടുതലായി കൊടുത്തുകൊണ്ട് കുട്ടനാട് കുടിവെളള പദ്ധതി വരാന്‍ പോകുകയാണ്. ഇന്നലെയും ഞാന്‍ അതിന്റെ മീറ്റിങ്ങില്‍ ഇരുന്നു. ഇനിയൊരു പ്രളയം വന്നാലും കുടിവെളളം മുട്ടാത്ത രീതിയിലായിരിക്കും അത് നിര്‍മ്മിക്കുക. ഇവിടുത്തെ ആലപ്പുഴ ചങ്ങനാശേരി റോഡ് ഉയര്‍ത്തി ഏറ്റവും മോഡേണ്‍ ആക്കുകയാണ്. അതിന്റെ തൊട്ടപ്പുറത്തുളള തോട് പ്രളയജലം ഒഴുക്കാന്‍ പറ്റുന്ന രീതിയില്‍ ആഴവും വീതിയും കൂട്ടും. അതിനു വേണ്ടി 150 മുതല്‍ 180 കോടി രൂപയാണ് മുടക്കാന്‍ പോകുന്നത്.’ തോമസ് ഐസക്ക് കൗമുദി ടി.വി.യോട് പറഞ്ഞു.
ശബരിമല വിഷയത്തില്‍ കേരളത്തിലെ പല വിഷയങ്ങളും മുങ്ങിപ്പോയത് മനപ്പൂര്‍വ്വമാണോ എന്ന് സംശയിക്കുന്നതായി നടന്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു. കള്ളന്മാരാണ് ഈ കാര്യങ്ങളെല്ലാം ചെയ്യുന്നതെന്നും ഇതൊക്കെ കാണുമ്ബോള്‍ ശബരിമലയാണ് ഏറ്റവും വലിയ വിഷയമെന്ന് നമുക്ക് തോന്നുമെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
