ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യമനിലെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം; ആക്രമണം അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധഭീഷണി നിലനില്‍ക്കെ

റിയാദ്:  സൗദി അറേബ്യയിലെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യമനിലെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധഭീഷണി മേഖലയില്‍ ഭീതി സൃഷ്ടിക്കുന്നതിനിടെയാണ് മിസൈല്‍ ആക്രമണം. തിങ്കളാഴ്ച രാവിലെ സൗദി നഗരമായ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ് ഹൂതി ഭീകരര്‍ മിസൈലുകള്‍ തൊടുത്തത്. രണ്ട് മിസൈലുകളാണ് തൊടുത്തത്. 

എന്നാല്‍ അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ പാട്രിയറ്റ് ഇവ കണ്ടെത്തി കൃത്യമായി തകര്‍ത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഇനിയും മിസൈലുകള്‍ തൊടുത്തേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ വ്യോമഗതാഗതം തത്കാലത്തേക്ക് നിര്‍ത്തി വെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ മറ്റൊരു നഗരമായ തായിഫിനെ ലക്ഷ്യമിട്ടെത്തിയ മറ്റ് മിസൈലുകള്‍ പാട്രിയറ്റ് സംവിധാനം തകര്‍ത്തതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇതിന് പിന്നാലെ യമനിലെ ജനവാസ കേന്ദ്രങ്ങളില്‍ സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയതായും വിവരമുണ്ട്.

അതേസമയം സൗദി സഖ്യസേനയെ ലക്ഷ്യമിട്ട് അഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ തങ്ങള്‍ തൊടുത്തതായും നിരവധി പേര്‍ കൊല്ലപ്പെട്ടതായും ഹൂതി വിമതസേന അവകാശപ്പെട്ടു. സൗദി സഖ്യസേന യമനില്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് പ്രതികാരമായാണ് ഇപ്പോഴത്തെ ആക്രമണമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ അമേരിക്കന്‍ നിര്‍മിത പാട്രിയറ്റ് സംവിധാനം ഉപയോഗിച്ച്‌ മിസൈലുകളെ വിജയകരമായി തകര്‍ത്തുവെന്ന് സൗദി വ്യോമസേന അറിയിച്ചു. 

ഇതിന്റെ വീഡിയോയും സൗദി മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ആകാശത്ത് വന്‍ ശബ്ദം കേട്ടതായി ഇവിടെ താമസിക്കുന്ന ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇറാന്റെ പിന്തുണയോടെയാണ് ഹൂതികള്‍ ആക്രമണം നടത്തുന്നതെന്നും സൗദി മാധ്യമങ്ങള്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *