വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകള്‍ അയച്ചതിന് പിന്നാലെ ഇറാന് അന്ത്യശാസനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഒരു യുദ്ധത്തിനാണ് ഒരുങ്ങുന്നതെങ്കില്‍, അത് ഇറാന്റെ ഔദ്യോഗിക അന്ത്യമാകും. അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ ഇറാന്‍ മുതിരരുതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഇറാനില്‍ നിന്നുണ്ടായ ഭീഷണി എന്താണെന്ന് വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല. ഇറാനുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന സൂചന നല്‍കിയതിന് പിന്നാലെയാണ് ട്രംപിന്റെ നിലപാട് മാറ്റം.
തങ്ങളുടെ സഖ്യകക്ഷികളുടെ മേലുള്ള ഏതൊരു ആക്രമണത്തെയും ചെറുക്കുമെന്ന സൂചന നല്‍കിയാണ് അമേരിക്ക ഗള്‍ഫ് മേഖലയിലേക്ക് തങ്ങളുടെ പടക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കനെ അയച്ചത്. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധവും വഷളായി. ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും യു എസ് ഏകപക്ഷീയമായി പിന്മാറിയതും ഇവര്‍ തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കിയിരുന്നു. മധ്യപൂര്‍വ ദേശത്ത് ഇറാന്റെ ആക്രമണം ഉണ്ടായാല്‍ ഏതു നിലക്കും പ്രതിരോധിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്ന് അമേരിക്ക അറിയിച്ചു. സേനാ വിന്യാസത്തിന്റെ പദ്ധതികള്‍ തുടങ്ങിയിട്ടുണ്ടെന്നും ഇറാന്റെ നീക്കം എന്തെന്ന് മനസിലാക്കിയായിരിക്കും തുടര്‍നടപടിയെന്നും ഒരു ഉന്നതതല യു.എസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ യു.എ.ഇ തീരത്ത് വച്ച് സൗദി കപ്പലുകള്‍ക്ക് നേരെയും സൗദിയുടെ വാതകപൈപ്പുകള്‍ക്ക് നേരെയും ആക്രമമണമുണ്ടായി. ഇത് ഇറാന്റെ നേതൃത്വത്തിലാണെന്നാണ് അമേരിക്കയുടെ ആരോപണം.
അതേസമയം, ഇറാഖിലെ അമേരിക്കന്‍ എംബസിയില്‍ നിന്ന് മടങ്ങാന്‍ തങ്ങളുടെ ഉദ്യോഗസ്ഥരോട് അമേരിക്ക നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇറാന് പിന്തുണ നല്‍കുന്ന ഇറാഖി തീവ്രവാദ ഗ്രൂപ്പുകള്‍ ആക്രമിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇവരോട് മടങ്ങാന്‍ അമേരിക്ക നിര്‍ദ്ദേശിച്ചത്. എന്നാല്‍ എന്തെങ്കിലും സൈനിക നീക്കമുണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ അമേരിക്ക തയ്യാറാകുന്നുമില്ല. അതേസമയം, ട്രംപിന്റെ ഭീഷണി അതീവ ഗുരുതരമാണെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്‌ദ്ധര്‍ പറയുന്നത്. ഒരു രാജ്യത്തിന്റെ ഭരണാധികാരി ഇത്തരത്തില്‍ പെരുമാറിയത് തന്നെ തെറ്റാണ്. ഇറാന് മേല്‍ കടുത്ത നടപടികള്‍ക്ക് അമേരിക്ക ഒരുങ്ങുകയാണെന്നതിന്റെ സൂചനയാണിത്. എന്നാല്‍ മറുവശത്ത് അമേരിക്കയില്‍ നിന്നുള്ള ഭീഷണി തടയാനായി ഇറാനും ഒരുക്കങ്ങള്‍ നടത്തുന്നുണ്ടെന്നും പ്രതിരോധ രംഗത്തുള്ളവര്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നാണ് ഇറാന്റെ നിലപാട്.
