കോഴിക്കോട്: ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വടകര ലോക്സഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും സിപിഎം വിമതനുമായ സി.ഒ.ടി. നസീറിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് സന്ദര്‍ശിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിയാണ് നസീറിനെ സന്ദര്‍ശിച്ചത്.
ആക്രമണത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും കുറ്റക്കാര്‍ ആരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നും ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു.
സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ശനിയാഴ്ച രാത്രി തലശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപം കായ്യത്ത് റോഡില്‍വച്ചാണ് നസീറിന് വെട്ടേറ്റത്. ആയുധങ്ങളുമായി ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് നസീറിനെ ആക്രമിച്ചത്. നസീറിനെ ആദ്യം തലശേരി ജനറല്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
നസീറിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. മുന്‍പരിചയമില്ലാത്ത മൂന്നംഗസംഘമാണ് അക്രമിച്ചതെന്നാണ് മൊഴി. നസീറിനെ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. വെട്ടേറ്റ കാലിനും ഇരുകൈകള്‍ക്കുമാണ് പ്ലാസ്റ്റിക് സര്‍ജറി നടത്തിയത്. വയറില്‍ മുറിവേറ്റ ഭാഗത്തും ശസ്ത്രക്രിയ നടത്തി.
