മദ്യലോബിയും സി പി എമ്മും അവിശുദ്ധബന്ധം

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ അഭിപ്രായത്തിനെതിരേ തിരിച്ചടിച്ച് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മദ്യലോബിയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ് പിണറായിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നതെന്നു സുധീരന്‍ പറഞ്ഞു. എന്തുവിലകൊടുത്തും യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇടതുപക്ഷത്തിനും സിപിഎമ്മിനുമുള്ളത്. വിജയകരമായ രീതിയില്‍ നടപ്പിലാക്കിയ മദ്യനയം അട്ടിമറിക്കുമെന്നതിനുള്ള സൂചനകളാണ് ഇടതു നേതാക്കള്‍ നല്‍കുന്നതെന്നും സുധീരന്‍ തുറന്നടിച്ചു. ജനദ്രോഹനയങ്ങളുമായി മുന്നോട്ടു പോകുമെന്ന തരത്തില്‍ സമൂഹത്തോടു പരസ്യമായ യുദ്ധപ്രഖ്യാപനമാണ് ഇടതുനേതാക്കള്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തനിക്കെതിരേ പിണറായി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി ഇല്ലെന്നു പറഞ്ഞ സുധീരന്‍ പക്ഷേ, തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും പറഞ്ഞു. അതിനിടെ ഹോപ് പ്‌ളാന്റേഷനു മിച്ചഭൂമി നല്‍കാനുള്ള ഉത്തരവ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയെ സുധീരന്‍ അഭിനന്ദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *