മക്ക: ആഗോള തലത്തില്‍ അന്താരാഷ്ട്ര കരാറുകളുടെയും അറബ് സമാധാന ശ്രമങ്ങളുടെയും അടിസ്ഥാനത്തില്‍ ഫലസ്തീന് അതിന്റ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ മേഖലയില്‍ സുരക്ഷയും സമാധാനവുമുണ്ടാകില്ലെന്ന് ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. മക്ക ഉച്ചകോടിക്കെത്തിയ അദ്ദേഹം പ്രാദേശിക പത്രത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
യു എസ് എംബസി ജറുസലമിലേക്ക് മാറ്റാനുള്ള അമേരിക്കയുടെ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളിയും നിയമ വിരുദ്ധവുമാണ്. ഫലസ്തീന് – ഇസ്രായേല്‍ സംഘര്‍ഷം 1967 ലെ അതിര്‍ത്തിയുടെയും അന്താരാഷ്ട്ര കരാറുകളുടെയും അടിസ്ഥാനത്തില്‍ പരിഹരിക്കണമെന്നാണ് ആവശ്യം. അറബ് സമൂഹം എന്നും ഫലസ്തീനൊപ്പം നിന്നിട്ടുണ്ട്. അത് പോലെ ഇനിയും പൂര്‍ണ പിന്തുണയുണ്ടാകുമെന്നാണ് കരുതുന്നതെന്നും പ്രശ്നങ്ങളുണ്ടായപ്പോഴെല്ലാം എല്ലാ അര്‍ഥത്തിലുള്ള സഹായങ്ങളും അറബ് ലോകം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം സൗദിയെ പ്രശംസിച്ചു . എന്നും ഫലസ്തീന് ജനതക്കൊപ്പം നില്ക്കുന്ന സൗദി അറേബ്യയുടെ നിലപാടിനെ ഫലസ്തീന് പ്രസിഡന്റ് അഭിനന്ദിച്ചു
