ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ വോട്ടിങ് മെഷീന്‍ തട്ടിപ്പ് നടന്നോയെന്ന് കോണ്‍ഗ്രസ് അന്വേഷിക്കുന്നു. ഇതിനായി ബൂത്ത് തലത്തിലുള്ള വോട്ടിങിന്റെ കണക്കുകള്‍ എത്രയും വേഗം കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് അയക്കാന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് ലഭിച്ച വോട്ട്, ഈ തെരഞ്ഞെടുപ്പില്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന വോട്ട്, ഈ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് ഇവയാണ് പാര്‍ട്ടി വിശകലനം ചെയ്യുന്നത്.
ഓരോ ബൂത്തിലും ലഭിച്ച വോട്ട് കണക്ക് രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന ഫോം 20 ആണ് കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ അയക്കേണ്ടത്. ഈ വരുന്ന ജൂണ്‍ ഏഴിന് മുന്‍പ് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് ഫോം 20 അയച്ചുകൊടുക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിലൂടെ പാര്‍ട്ടിക്ക് ബൂത്തു തലത്തില്‍ വോട്ട് കുറഞ്ഞത് കണ്ടെത്തി, ഇവിടെയൊക്കെ എന്തുകൊണ്ട് വോട്ട് കുറഞ്ഞു, പാര്‍ട്ടിക്ക് പറ്റിയ തെറ്റുകള്‍ എന്താണ്, ഇവ എങ്ങിനെ തിരുത്തണം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നാണ് പാര്‍ട്ടി വിശദീകരണം.
എന്നാല്‍ തെരഞ്ഞെടുപ്പിലെ തോല്‍വി ഇനിയും ഉള്‍ക്കൊള്ളാന്‍ പല സ്ഥാനാര്‍ത്ഥികള്‍ക്കും കഴിഞ്ഞിട്ടില്ല. പ്രവര്‍ത്തക സമിതി യോഗത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രണ്ട് യുവ നേതാക്കള്‍ വോട്ടിങ് മെഷീന്‍ തട്ടിപ്പ് നടന്നോയെന്ന് അന്വേഷിക്കണമെന്ന് പറഞ്ഞിരുന്നു. പ്രാദേശിക തലത്തിലും ഈ വികാരം നിലനില്‍ക്കുന്നതിനാലാണ് ഈ വിശകലനം നടത്തുന്നത്. വോട്ടിങ് മെഷീന്‍ തട്ടിപ്പ് നടന്നോയെന്ന് മനസിലാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫലപ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം വോട്ടിങ് മെഷീന്‍ തിരിമറി ആരോപണവുമായി രംഗത്ത് വന്നിരുന്നു. പക്ഷെ ഫലപ്രഖ്യാപനം വന്നപ്പോള്‍ എന്‍ഡിഎയുടെ വന്‍ വിജയം കണ്ട പാര്‍ട്ടികള്‍ പിന്നീട് ഈ ആരോപണത്തില്‍ നിന്ന് പിന്നോട്ട് പോയി. ബൂത്ത് തലത്തില്‍ തങ്ങളുടെ സ്വാധീന കേന്ദ്രങ്ങളില്‍ അസ്വാഭാവികമായ ഉയര്‍ച്ച ബിജെപിയുടെ വോട്ട് കണക്കില്‍ ഉണ്ടായോ, അസ്വാഭാവികമായ താഴ്ച കോണ്‍ഗ്രസിന്റെ വോട്ട് കണക്കില്‍ ഉണ്ടായോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. അങ്ങിനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് വോട്ടിങ് മെഷീന്‍ തിരിമറിയെ ശരിവയ്ക്കുമെന്ന് അവര്‍ കരുതുന്നു.
