കൊച്ചി: നിപയ്ക്കെതിരെ കേരളം ജാഗ്രതയില്‍. കളമശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ള അഞ്ചുപേരുടെ രക്തസാംപിള്‍ പുണെ, ആലപ്പുഴ, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് പരിശോധനയ്ക്കയച്ചു. വടക്കര്‍ പറവൂര്‍ സ്വദേശിയും തൊടുപുഴയിലെ സ്വകാര്യ കോളേജില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ 21-കാരനിലാണ് നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.
നിപ വൈറസ് ബാധിച്ച് ചികില്‍സയിലുള്ള ഇരുപത്തിമൂന്നുകാരന്റെ നില മെച്ചപ്പെട്ടു. കൊച്ചിയില്‍ തുടരുന്ന ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് വീണ്ടും കോര്‍ കമ്മിറ്റി യോഗം ചേരും. ഭയാനകമായ ഒരു സാഹചര്യവുമില്ല . പക്ഷെ വരുദിവസങ്ങളില്‍ അതീവജാഗ്രതയോടെ മുന്നോട്ടുപോകണം. ഇന്നലെ നടന്ന കോര്‍ കമ്മിറ്റിയോഗത്തിനുശേഷം ആരോഗ്യമന്ത്രി ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കി.
നിപയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല എന്നതാണ് നിലവില്‍ ആരോഗ്യവകുപ്പ് നേരിടുന്ന വെല്ലുവിളി. തൃശ്ശൂരിലും തൊടുപുഴയിലും ഇതിനോടകം വിശദമായ പരിശോധന ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും നടത്തി കഴിഞ്ഞു. നിപയുടെ ഉറവിടം അവിടെയല്ല എന്ന നിഗമനമാണ് ഇടുക്കി, തൃശ്ശൂര്‍ ഡിഎംഒമാര്‍ ആരോഗ്യവകുപ്പുമായി പങ്കുവയ്ക്കുന്നത്.
