മലപ്പുറം: യു ഡി എഫില്‍ കേരളത്തില്‍ മറ്റൊരു ഹൈക്കമാന്റാവുകയാണോ മുസ്‌ലിം ലീഗ്. ചില കോണ്‍ഗ്രസ് നേതാക്കളുടെ പരിഭവം ഇപ്പോള്‍ ഇങ്ങനെയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രിക്ക് കലവറയില്ലാത്ത പിന്തുണ നല്കുകയായിരുന്നു കുഞ്ഞാലിക്കുട്ടിയും ലീഗും. കോണ്‍ഗ്രസിന്റെ ഉള്‍പാര്‍ട്ടി തര്‍ക്കം ഡല്‍ഹിയിലെ ചൂടന്‍ ചര്‍ച്ചയിലും പരിഹരിക്കാതെ മുന്നോട്ടു പോയപ്പോള്‍ ലീഗ് ശക്തമായി ഉമ്മന്‍ ചാണ്ടിക്കൊപ്പം നിന്നു. കെ പി സി സി പ്രസിഡന്റിന്റെ പോലും നിര്‍ദേശങ്ങളെ മറികടന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊല്പ്പടിക്ക് നിര്‍ത്തുന്ന ഹൈക്കമാന്റായി ലീഗ് മാറിയതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ അതിരുവിട്ട പ്രീണനഫലമാണെന്നാണ് കോണ്‍ഗ്രസിലെ എതിര്‍ ചേരിയിലുള്ളവര്‍ പറയുന്നത്. അഞ്ചാം മന്ത്രി വിവാദം മുതല്‍ പുനലൂര്‍ സീറ്റ് വരെ ലീഗ് പറയുന്നിടത്ത് കാര്യങ്ങള്‍ എത്തിയതിന് പിന്നില്‍ സമ്മര്‍ദ്ധത്തിന്റെ ഭാഗമാണ്. ഇത് യു ഡി എഫില്‍ കോണ്‍ഗ്രസിന്റെ നേതൃപദവിക്ക് ഭീഷണിയാണെന്ന് കോണ്‍ഗ്രസില്‍ ചര്‍ച്ചയാവുന്നുണ്ട്.
ബാര്‍ കോഴ, സോളാര്‍-സരിത കേസുകള്‍, ഭൂമിദാനം തുടങ്ങിയ വിഷയങ്ങളില്‍ ആരോപണ വിധേയരായവരെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് നീക്കണമെന്ന കെ പി സി സി പ്രസിഡന്റിന്റെ വി എം സുധീരന്‍ ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനും യോജിപ്പായിരുന്നു. എന്നാല്‍ വിശ്വസ്തരെ മാറ്റി നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടില്ലെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടിക്കായിരുന്നു അന്തിമ വിജയം. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് വക്കാലത്തുമായി ലീഗെത്തിയത്. ഐസ്‌ക്രീം കേസില്‍ ഉമ്മന്‍ചാണ്ടിയുടെ നിലപാടുമുതല്‍ അദ്ദേഹത്തിന് വ്യക്തവും ശക്തവുമായ പിന്തുണ നല്കി പോരുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ഹൈക്കമാന്റുമായുള്ള ബന്ധം ഇതിന് ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലായാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇതിനെ കാണുന്നത്.
യു ഡി എഫിലെ സീറ്റ് വിഭജനം ധാരണയാവുന്നതിന് മുമ്പ് ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതും. ഒഴിച്ചിട്ട നാലു സീറ്റുകളില്‍ സമ്മര്‍ദ്ധം ചെലുത്തി താത്പര്യമുള്ളത് നേടിയെടുത്തതും കോണ്‍ഗ്രസ് നേതാക്കളില്‍ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.
