ചെന്നെ: നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്. നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് തമിഴ്നാട്ടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ആവശ്യവുമായി സ്റ്റാലിന് രംഗത്തെത്തിയിരിക്കുന്നത്. മുമ്ബും ഇക്കാര്യം താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അതിനുവേണ്ട പ്രധാന്യം കേന്ദ്രം നല്‍കിയില്ലെന്നും സ്റ്റാലിന് കുറ്റപ്പെടുത്തി.
തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ സ്വപ്നം ഇല്ലാതാക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും സ്റ്റാലിന് ആരോപിച്ചു. ഇത്തവണത്തെ നീറ്റ് ഫലം വന്നപ്പോള്‍ 75,000-ത്തോളം വിദ്യാര്‍ഥികളാണു പരീക്ഷയില്‍ പരാജയപ്പെട്ടത്. തഞ്ചാവൂര്‍ സ്വദേശിനി എസ് ഋതുശ്രീ, തിരുപ്പൂര്‍ സ്വദേശിനി വൈശ്യ എന്നീ വിദ്യാര്‍ഥിനികള്‍ യോഗ്യത നേടാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യചെയ്തു. തമിഴ്നാട് സ്വദേശികളായ വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ തകര്‍ക്കുന്ന കേന്ദ്ര നടപടി അംഗീകരിക്കാനാവില്ല.’- സ്റ്റാലിന് പറഞ്ഞു.
അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഡിഎംകെ ഈ ആവശ്യം ഉന്നയിക്കുമെന്ന് സ്റ്റാലിന് വ്യക്തമാക്കി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബ് അനിത എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് നീറ്റ് പരീക്ഷയ്ക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.
ബുധനാഴ്ചയാണ് നീറ്റ് ഫലം പ്രസിദ്ധീകരിച്ചത്. രാജസ്ഥാനില്‍ നിന്നുള്ള നളിന്‍ ഖണ്ഡേവാലാണ് അഖിലേന്ത്യാ തലത്തില്‍ ഒന്നാമതെത്തിയത്. ദില്ലിയില്‍ നിന്നുള്ള ഭവിക് ബന്‍സാല്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അക്ഷത് കൗശിക് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
