ചങ്ങരംകുളം: പാവപ്പെട്ടവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിയില്‍ വീടു ലഭിക്കണമെങ്കില്‍ അപേക്ഷകന് തന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന് രാഹുല്‍ഗാന്ധിയുടെ മാറ്റണമെന്ന സി.പി.എം.നേതാവിന്റെ ഫോണ്‍ സന്ദേശം വിവാദമാകുന്നു. നന്നംമുക്ക് പഞ്ചായത്ത് മെമ്പറും സി.പി.എ.ജില്ലാ കമ്മിറ്റി അംഗവുമായ ടി.സത്യന്റെ ഫോണ്‍ വിളിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രാഹുല്‍ഗാന്ധിയെ തെറിവിളിക്കുന്ന ഫോണ്‍ സന്ദേശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തു വന്നിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ ചങ്ങരംകുളം മേഖലയിലെ നന്നംമുക്ക് പഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ വീടിന് അപേക്ഷിച്ച ഗഫൂര്‍ എന്നയാളോടാണ് സത്യന് ഫേസ്ബുക്കില്‍ നിന്ന് രാഹുല്‍ഗാന്ധിയുടെ ഫോട്ടോ മാറ്റാന്‍ ആവശ്യപ്പെട്ടത്.വീടിനുള്ള അപേക്ഷ പഞ്ചായത്തില്‍ നിന്ന് എടുത്ത് അതിലെ ഫോണ്‍ നമ്പറില്‍ സത്യന് ഗഫൂറിനെ വിളിക്കുകയായിരുന്നു. വീട് അനുവദിക്കാമെന്നും എന്നാല്‍ ഫേസ്ബുക്ക് പേജില്‍ നിന്ന് രാഹുല്‍ഗാന്ധിയുടെ പ്രൊഫൈല്‍ ചിത്രം മാറ്റുന്നതാണ് നല്ലതെന്നും കോണ്‍ഗ്രസുകാരനായ ഗഫൂറിനോട് സത്യന് പറഞ്ഞു. പകരം ഗഫൂറിന്റെ ചിത്രം പ്രൊഫൈലാക്കണമെന്നുമാണ് സത്യന് നല്കിയ ഉപദേശം.രാഹുല്‍ഗാന്ധിയെ കുറിച്ച് ത്യന്‍ മോശമായ രീതിയില്‍ പറയുന്നുമുണ്ട്.
സത്യന്റെ ഫോണ്‍കോള്‍ റെക്കോര്‍ഡ് ചെയ്ത ഗഫൂര്‍ അത് സോഷ്യല്‍മീഡിയയില്‍ വൈറലാക്കുകയായിരുന്നെന്നാണ് കരുതുന്നത്. നേരത്തെ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സത്യന് ചില ആരോപണങ്ങളുടെ പേരില്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. പുതിയ വിവാദത്തില്‍ സത്യനെതിരെ കോണ്‍ഗ്രസ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.
