കോളേജില്‍ നിന്നും അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ രഹസ്യമായി വീട്ടിലെത്തി; അക്രമിയാണെന്ന് തെറ്റിദ്ധരിച്ച്‌ അമ്മ മകളെ വെടിവച്ചു വീഴ്ത്തി

വാഷിംഗ്ടണ്‍ : കോളേജില്‍ നിന്നും മകള്‍ വീട്ടിലെത്തിയത് അമ്മയ്ക്ക് ഒരു സര്‍പ്രൈസ് നല്‍കാനായിരുന്നു. എന്നാല്‍ രഹസ്യമായി വീട്ടിലെത്തിയ മകളെ അക്രമിയാണെന്ന് തെറ്റിദ്ധരിച്ച്‌ അമ്മ വെടിവച്ചു വീഴ്ത്തി. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. വെടിയേറ്റതിനെ തുടര്‍ന്ന് 18 കാരിയായ മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മകള്‍ അമ്മയോട് പറയാതെ അപ്രതീക്ഷിതമായാണ് കോളേജില്‍ നിന്നെത്തിയത്.

അമ്മയുടെ കയ്യില്‍ ലൈസന്‍സുള്ള 38 സ്‌പെഷ്യല്‍ റിവോള്‍വറാണ് ഉണ്ടായിരുന്നത്. മകള്‍ എത്തുന്ന സമയം ഇവര്‍ വീട്ടില്‍ ഒറ്റക്കായിരുന്നു. എന്നാല്‍ അടുക്കളയില്‍ നിന്നും മറ്റും ശബ്ദം കേട്ടതോടെ അവര്‍ പരിഭ്രാന്തയായി. കിടപ്പുമുറിയുടെ വാതിലും തുറന്നു കിടന്നിരുന്നു. ഉടന്‍ തന്നെ കയ്യില്‍ ലഭിച്ച തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

എന്നാല്‍ വെടിയേറ്റത് സ്വന്തം മകള്‍ക്കാണെന്ന് അറിഞ്ഞതോടെ അമ്മ തകര്‍ന്നുപോയി. സാരമായി പരിക്കേറ്റെങ്കിലും വെടികൊണ്ടത് കയ്യിലായിരുന്നതിനാല്‍ പെണ്‍കുട്ടി രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *