തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതിയ്ക്ക് എതിരെ സിപിഎം. പിഴ കൂട്ടുകയല്ല, നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. തല്ക്കാലം നിയമവശം പരിശോധിച്ച് സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നത് മാറ്റി വയ്ക്കാമോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് സിപിഎം.
മോട്ടോര്‍ വാഹന ചട്ടലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴയീടാക്കുകയെന്നത് അശാസ്ത്രീയമാണെന്നാണ് സിപിഎം നിലപാടെടുത്തിരിക്കുന്നത്. ഉയര്‍ന്ന പിഴയീടാക്കുന്നത് വിപരീത ഫലം മാത്രമേ ഉണ്ടാക്കൂ. പിഴത്തുക കൂട്ടുകയല്ല, നിയമം കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.
എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഗതാഗതവകുപ്പ് പരിശോധിക്കേണ്ടതുണ്ടെന്നാണ് കോടിയേരി പറയുന്നത്. ചില സംസ്ഥാനങ്ങള്‍ ഈ നിയമം നടപ്പാക്കിയിട്ടില്ല. അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്ര, രാജസ്ഥാന്, മധ്യപ്രദേശ് സര്‍ക്കാരുകള്‍ ഈ നിയമം നടപ്പാക്കാതെ വച്ചിരിക്കുന്നത്. സുപ്രീംകോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. സമാനമായ രീതിയില്‍ നിയമവശം പരിശോധിച്ച് എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കണമെന്നാണ് സിപിഎം സര്‍ക്കാരിനോടും ഗതാഗതവകുപ്പിനോടും ആവശ്യപ്പെടുന്നത്.
വന്‍ അഴിമതിയ്ക്ക് കളമൊരുങ്ങുന്നതാണ് പുതിയ നിയമഭേദഗതിയെന്ന് കോടിയേരി ആരോപിച്ചു. ”പിഴത്തുക കൂടുമ്ബോള്‍ പതിനായിരം രൂപയ്ക്ക് പകരം പരിശോധനയ്ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥന് അയ്യായിരം രൂപ കൊടുത്ത് ആളുകള്‍ ഊരിപ്പോരാന്‍ നോക്കും. അപ്പോള്‍ ആ പണം ആര്‍ക്ക് പോയി? സര്‍ക്കാരിനും കിട്ടുന്നില്ല. അഴിമതിയ്ക്ക് കളമൊരുങ്ങുകയും ചെയ്യുന്നു”, കോടിയേരി പറയുന്നു.
ഓട്ടോ, ലോറി തൊഴിലാളികളടക്കമുള്ള സിഐടിയുവിന്റെ തൊഴിലാളി സംഘടനകള്‍ സിപിഎമ്മിനെ സമീപിച്ചിരുന്നു. മാത്രമല്ല, നിയമം നടപ്പാക്കുന്നതിന് മുമ്ബ് ഗതാഗതവകുപ്പ് കൃത്യമായി ഗൃഹപാഠം നടത്തിയില്ല എന്ന വിശകലനവും സിപിഎമ്മിനകത്തുണ്ട്.
അപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയുള്ളതാകണം നിയമങ്ങള്‍. കേന്ദ്രം അപ്രായോഗികമായ പല നിയമങ്ങള്‍ കൊണ്ട് വന്ന് ഫെഡറല്‍ ഘടന തകര്‍ക്കുകയാണ്. ഇത്തരമൊരു നിയമത്തിന്റെ നടത്തിപ്പ് സംസ്ഥാനസര്‍ക്കാരിന്റെ ചുമതലയായതിനാല്‍ എതിര്‍പ്പ് സര്‍ക്കാരിനോടാകുന്നുവെന്നും സിപിഎം വിലയിരുത്തുന്നു.
കൊച്ചിയിലെ കുണ്ടന്നൂരിലും വൈറ്റിലയിലും വന്‍ഗതാഗതക്കുരുക്കും, നഗരത്തിലെ വന്‍ കുഴികളും, കേരളത്തിലെ പല ഭാഗങ്ങളിലുള്ള റോഡുകളുടെ ശോചനീയാവസ്ഥയും മൂലം സംസ്ഥാനസര്‍ക്കാരിനെതിരെ വന്‍ജനരോഷമുണ്ട്. ഈ സാഹചര്യത്തില്‍ക്കൂടിയാണ് മോട്ടോര്‍ വാഹനനിയമഭേദഗതിയുടെ നടത്തിപ്പ് കര്‍ശനമാക്കുന്നതില്‍ സിപിഎം സര്‍ക്കാരിനോട് എതിര്‍പ്പറിയിക്കുന്നത്.
