തിരുവനന്തപുരം: അരൂരിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പൂതനാ പരാമര്‍ശമെന്ന വിമര്‍ശനത്തിനെതിരെ ആഞ്ഞടിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. തനിക്കെതിരെ പ്രചാരണം നടത്തുന്നവര്‍ പ്രസ്ഥാനത്തെ ഒറ്റുന്നവരെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെന്ന വാര്‍ത്തയും മന്ത്രി തള്ളി. ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ തനിക്കെതിരേ വിമര്‍ശനം ഉണ്ടായിട്ടില്ല, ചിലര്‍ യഥാര്‍ത്ഥ കാരണം മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നു. തോല്‍വി വിശദമായി പരിശോധിക്കണം എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതായി റിപ്പോര്‍ട്ട്.
അരൂരിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ സംസ്ഥാന സെക്രട്ടറിയേറ്റിന് പിന്നാലെ സിപിഎം ആലപ്പുഴ ജില്ലാനേതൃയോഗത്തിലും മന്ത്രി ജി സുധാകരന്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഷാനിമോള്‍ ഉസ്മാനെതിരായ പൂതനാ പരാമര്‍ശം വോട്ടുകള്‍ കുറച്ചെന്നായിരുന്നു യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം.
സംസ്ഥാന നേതാക്കളും മന്ത്രിമാരും ക്യാമ്ബ് ചെയ്ത് പ്രവര്‍ത്തിച്ചിട്ടും സംഘടനാദൗര്‍ബല്യം തിരിച്ചടിയായി എന്നും യോഗത്തില്‍ വിമര്‍ശനം ഉണ്ടായി. അരൂരില്‍ പ്രചാരണം രണ്ടാംഘട്ടത്തില്‍ എത്തിയപ്പോഴാണ് മന്ത്രിയുടെ പൂതനാ പരാമര്‍ശം ഉണ്ടായത്. ഇത് യുഡിഎഫിന് വീണു കിട്ടിയ ആയുധമായെന്നും സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിലയിരുത്തലുണ്ടായി.
