അയോധ്യാ: യു.പിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച്‌ ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: അയോധ്യാ കേസിലെ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രാജ്യം കനത്ത ജാഗ്രതയിലാണ്. അയോധ്യയിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചീഫ് ജസ്റ്റിസിന്റെ ഓഫീസിലെത്താനാണ് നിര്‍ദേശം.

ഉത്തര്‍പ്രദേശിലേക്കുമാത്രം നാലായിരത്തോളം അര്‍ധസൈനികരെ വിധി പറയുന്നതിന് മുന്നോടിയായി സുരക്ഷ ഒരുക്കാന്‍ നിയോഗിച്ചിട്ടുണ്ട്. അനിഷ്ടസംഭവങ്ങളൊഴിവാക്കാന്‍ ജില്ലയിലെങ്ങും ഡിസംബര്‍ 28 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേത്രനഗരിയിലെത്തുന്നവരെ നിരീക്ഷിക്കാനായി പോലീസും സുരക്ഷാസേനയും വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഡ്രോണ്‍ക്യാമറകള്‍ ഉള്‍പ്പെടെയുള്ളവയും തയ്യാറാക്കിയിട്ടുണ്ട്.

സംസ്ഥാനപോലീസ്, കേന്ദ്ര സേന, ഭീകരവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളെല്ലാംകൂടി 17,000-ത്തോളം സുരക്ഷാസേനാംഗങ്ങള്‍ അയോധ്യയിലുണ്ട്. സാമൂഹികമാധ്യമങ്ങളിലും അത്രതന്നെപേര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലും നിരീക്ഷിക്കുന്നു. തര്‍ക്കസ്ഥലത്ത് നാലുഘട്ട പരിശോധനയാണ് പോലീസ് നടത്തുന്നത്. മതവിദ്വേഷമുണ്ടാക്കുന്ന പോസ്റ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ ഇടുന്നതു വിലക്കി ജില്ലാ മജിസ്‌ട്രേറ്റ് അനൂജ് കുമാര്‍ ഝാ ഉത്തരവിട്ടിട്ടുണ്ട്. ഇതിനാല്‍ പോസ്റ്റുകളെല്ലാം പോലീസ് സസൂക്ഷ്മം പരിശോധിക്കുന്നുണ്ട്.

വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രശ്നബാധിത മേഖലകളില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *