ജിദ്ദ: സഊദിയില്‍ കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഹോദരങ്ങള്‍ 22 വര്‍ഷം ജയിലില്‍ കഴിഞ്ഞശേഷം മോചിതരായി. സഊദി പൗരന്മാരായ മുഹമ്മദ് അല്‍ ഗുബൈശി, സഹോദരന് സഈദ് അല്‍ ഗുബൈശി എന്നിവരാണ് വധശിക്ഷ കാത്ത് 22 വര്‍ഷവും ഏഴ് മാസവും ജയിലില്‍ കഴിഞ്ഞത്. ഒടുവില്‍ വധശിക്ഷ നടപ്പാക്കപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മാപ്പ് ലഭിച്ച് ഇരുവരും ജയില്‍ മോചിതരാവുകയായിരുന്നു.
സഊദി പൗരനായ മുഈദ് ബിന്‍ അതിയ്യ എന്നയാളുമായുള്ള തര്‍ക്കത്തിനിടെയാണ് ഇരുവരും ചേര്‍ന്ന് അയാളെ വധിച്ചത്. കേസിന്റെ വിചരണ കഴിഞ്ഞശേഷം കീഴ്കോടതി വധശിക്ഷ വിധിച്ചു. പിന്നീട് അപ്പീല്‍ കോടതിയും സഊദി സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചു. ശിക്ഷ നടപ്പാക്കാന്‍ രാജാവിന്റെ അനുമതിയും ലഭിച്ചു. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി സംസാരിക്കാനും മധ്യസ്ഥ ശ്രമങ്ങള്‍ക്കായും ശിക്ഷ നടപ്പാക്കുന്നത് പിന്നീട് നീട്ടിവെയ്ക്കുകയുമായിരുന്നു.
തുടര്‍ന്ന് ഇരുവര്‍ക്കും മാപ്പ് ലഭ്യമാക്കാന്‍ അല്‍ബാഹ ഗവര്‍ണര്‍ നടത്തിയ നിരന്തര ശ്രമങ്ങള്‍ അവസാനം വിജയം കാണുകയായിരുന്നു. കൊല്ലപ്പെട്ട മുഈദ് അല്‍സഹ്റാനിയുടെ ബന്ധുക്കളെ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ നേരിട്ട് കാണുകയും മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. തുടര്‍ന്നാണ് മുഈദിന്റെ മാതാവും സഹോദരങ്ങളും മക്കളും പ്രതികള്‍ക്ക് മാപ്പ് നല്‍കിയത്. മാപ്പ് ലഭിച്ചതില്‍ മുഹമ്മദ് അല്ഗുബൈശിയും സഹോദരന് സഈദും ആഹ്ലാദം പ്രകടിപ്പിക്കുകയും മാപ്പ് നല്കിയവരോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. വധശിക്ഷ നടപ്പാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷമാണ് ഇരുവരും ആരാച്ചാരുടെ വാള്‍മുനയില്‍ നിന്നു രക്ഷപ്പെട്ടത്.
