കൊല്ലം : തമിഴ്നാട്ടിലെ കുപ്രസിദ്ധമായ തിരുട്ടുഗ്രാമത്തില്‍ നിന്നും മോഷണത്തില്‍ വിദഗ്ദ്ധരായ ഒരു സംഘം കൊല്ലം ജില്ലയില്‍ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ചെങ്കോട്ടയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ഇവര്‍ കൊല്ലം ജില്ലയിലെത്തിയതായിട്ടാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. അടുത്തിടെ കൊല്ലം അഞ്ചലില്‍ എസ്.പിയുടെ വീട്ടില്‍ മോഷണം നടത്തിയത്, ഇതു കൂടാതെ ജില്ലയില്‍ അടുത്തിടെ നടന്ന മൂന്ന് വന്‍ മോഷണത്തിന് പിന്നിലും ഈ സംഘമാണെന്ന് പൊലീസ് കണ്ടെത്തി. ഇതേ തുടര്‍ന്ന് തിരുട്ടുസംഘത്തെ പിടികൂടാന്‍ പ്രത്യേക പൊലീസ് സംഘത്തെ എസ്.പി ഹരിശങ്കര്‍ നിയോഗിച്ചു.
തിരുട്ടു ഗ്രാമത്തില്‍ നിന്നും കൊല്ലം ഭാഗത്തേയ്ക്ക് പതിനൊന്ന് പേര്‍ എത്തിയതായിട്ടാണ് ലഭിക്കുന്ന വിവരം. പകല്‍ സമയത്ത് വീടുകള്‍ നോക്കി വച്ച ശേഷം രാത്രികാലങ്ങളിലെത്തി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ഇരുളില്‍ മറഞ്ഞു നിന്നാണ് ഇവര്‍ മോഷണം നടത്തുന്നത്. അടിവസ്ത്രം മാത്രം ധരിച്ചെത്തുന്ന ഇവര്‍ ദേഹമാസകലം കറുത്ത ചായം പൂശും. എതിര്‍ക്കുന്നവരെ ആക്രമിക്കുന്ന സ്വഭാവവും ഇക്കൂട്ടര്‍ക്കുണ്ട്.
ചെങ്കോട്ടയില്‍ നിന്നും ട്രെയിന്‍മാര്‍ഗം കേരളത്തിലെത്തുന്ന ഇവര്‍ തെക്കന്‍ കേരളത്തിലാണ് കൂടുതലും കവര്‍ച്ചയ്ക്കായി തങ്ങുന്നത്. ചെങ്കോട്ട വഴി കവര്‍ച്ചയ്ക്ക് ശേഷം എളുപ്പത്തില്‍ നാട്ടിലേക്ക് കടക്കാം എന്നതിനാലാണിത്. തിരികെ നാട്ടിലെത്തിയാല്‍ കവര്‍ച്ചക്കാരെ താവളത്തിലെത്തി പിടികൂടുന്നത് പൊലീസിന് ഏറെ പ്രയാസകരമാണ്. പൊലീസ് പിടിയിലായാല്‍ ജാമ്യത്തിലെടുക്കുന്നതിനുള്ള സംവിധാനം വരെ ഒരുക്കിയാണ് തിരുട്ടുഗ്രാമത്തിലെ കവര്‍ച്ചക്കാര്‍ എത്തുന്നത്. കവര്‍ച്ചയ്ക്ക് മുന്‍പ് പൂജ നടത്തുന്ന രീതിയും ഇവര്‍ക്കുണ്ട്.
