സര്‍ക്കാരിനെ കൂടുതല്‍ ജനപ്രിയമാക്കണം: യുവ ഐ.എ.എസുകാരില്‍ നിന്നും ആശയം തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ ജനപ്രിയമാക്കുന്നതിനായി യുവ ഐ.എ.എസുകാരില്‍ നിന്നും മറ്റുമായി ആശയം തേടി മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായി യുവാക്കളായ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം ചൊവ്വാഴ്ച വിളിച്ചുചേര്‍ക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാരിനെ ജനപ്രിയമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2009ന് ശേഷം സംസ്ഥാനത്ത് ജോലിതുടങ്ങിയ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രി ഇതിനായി ക്ഷണിച്ചിരിക്കുന്നത്.

യോഗം നടക്കുന്നതിന് മുന്‍പ് ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് ഇ-മെയില്‍ വഴി ഉദ്യോഗസ്ഥര്‍ അയക്കണം. സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കുകയാണ് ഉദ്ദേശം. ചൊവാഴ്ച നടക്കുന്ന ഈ യോഗത്തിന് മുന്നോടിയായി മുന്‍ ചീഫ് സെക്രട്ടറിമാരെയും മുന്‍ ഡി.ജി.പിമാരെയും മുഖ്യമന്ത്രി കാണും. വര്‍ഗബഹുജന സംഘടനകളെ വിളിച്ചുചേര്‍ത്തും സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഭരണനിര്‍വഹണം നടത്തുന്ന ഭൂരിപക്ഷം ഉദ്യോഗസ്ഥരും സര്‍ക്കാരിന്റെ പദ്ധതികള്‍ അതിന്റെ പ്രാധാന്യമറിഞ്ഞ് നടപ്പാക്കുന്നവരാണെന്നും എന്നാല്‍, ചുരുക്കം ചിലരുടെ മനോഭാവം ജനകീയ പദ്ധതികള്‍ സാധാരണക്കാരിലെത്തുന്നതിന് തടസ്സമാകുന്നുണ്ടെന്നാണ് യുവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയിട്ടുള്ള സന്ദേശം. ഈ സ്ഥിതി മാറ്റുന്നതിനായുള്ള നിര്‍ദ്ദേശങ്ങളാണ് യുവ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നല്‍കേണ്ടത്. സംഘടനാസംവിധാനവും ഭരണസംവിധാനവും ഒരുപോലെ ഉപയോഗിച്ചുകൊണ്ടുള്ള ജനകീയപ്രചാരണമാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ലക്ഷ്യം.

ഇതാണ് മുഖ്യമന്ത്രി യുവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാന്‍ കാരണമായത്. വകുപ്പുസെക്രട്ടറിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം നേരത്തേ തന്നെ വിളിച്ചുചേര്‍ത്തിരുന്നു. സര്‍വീസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരില്‍ നിന്ന് അവരുടെ ഭരണപരിചയത്തിന്റെ അടിസ്ഥാനത്തിലുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലല്ല, ഏറ്റെടുത്ത പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിനായാണ് മന്ത്രിമാര്‍ ഇനി ശ്രദ്ധിക്കേണ്ടതെന്നാണ് സി.പി.എം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *