തിരുവനന്തപുരം: കേരളത്തില്‍ അടുത്ത സര്‍ക്കാരിനെ ഏത് മുന്നണി നയിക്കണമെന്ന് തീരൂമാനിക്കുന്നത് സംസ്ഥാനത്തെ 30 മണ്ഡലങ്ങളാകും. ആകെയുള്ള 140 മണ്ഡലങ്ങളില്‍ മുപ്പത് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുഫലം ഭരണത്തിലേക്കുള്ള നിര്‍ണായക ഘടകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് ഈ സീറ്റുകള്‍ പിടിച്ചെടുത്ത പാര്‍ട്ടികള്‍ക്ക് ഇത്തവണ അത് നിലനിര്‍ത്താനായില്ലെങ്കില്‍ ഭരണമാറ്റമുണ്ടായേക്കും. കടുത്ത പോരാട്ടം നടക്കുന്ന ഈ മുപ്പത് മണ്ഡലങ്ങളില്‍ യു.ഡി.എഫിനാണ് നഷ്ടസാധ്യത കൂടുതല്‍ കാണുന്നത്.
കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം,കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്,കൂത്തുപറമ്പ് പേരാവൂര്‍,കോഴിക്കോട് ജില്ലയിലെ വടകര,കൊയിലാണ്ടി,കോഴിക്കോട് സൗത്ത്,കുന്ദമംഗലം,തിരുവമ്പാടി,മലപ്പുറം ജില്ലയിലെ നിലമ്പൂര്‍,പൊന്നാനി,പാലക്കാട് ജില്ലയിലെ തൃത്താല,കോങ്ങാട് എന്നിവയാണ് മലബാര്‍ മേഖലയിലെ നിര്‍ണായക മണ്ഡലങ്ങള്‍.തൃശൂര്‍ ജില്ലയിലെ മണലൂര്‍,കുന്നംകുളം, എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, പിറവം,മുവ്വാറ്റുപുഴ,ഇടുക്കിയിലെ ദേവികുളം,കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍,കോട്ടയം,ചങ്ങനശേരി,ആലപ്പുഴയിലെ കായംകുളം,ഹരിപ്പാട്,മാവേലിക്കര,പത്തനംതിട്ടയിലെ അടൂര്‍, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്,വാമനപുരം,വട്ടിയൂര്‍കാവ്,പാറശാല തുടങ്ങിയ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പു ഫലം വിധി നിര്‍ണായകമാകം.
2011 ലെ തെരഞ്ഞെടുപ്പില്‍ അയ്യായിരത്തില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിറ്റിംഗ് എം.എല്‍.എ.മാര്‍ വിജയിച്ചിട്ടുള്ളത്. ഇത്തവണ ഈ മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എതിരാളികള്‍ നടത്തി വരുന്നുണ്ട്. ഈ മുപ്പത് മണ്ഡലങ്ങളില്‍ 17 എണ്ണം നിലവില്‍ യു.ഡി.എഫിന്റേതാണ്. ഇവിടങ്ങളില്‍ അട്ടിമറി നടന്നാല്‍ അത് യു.ഡി.എഫിന്റെ ഭരണത്തുടര്‍ച്ചയെന്ന സ്വപ്്നത്തെ തകിടം മറിക്കും. അതേ സമയം,ഇടതുമുന്നണി കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തില്‍ കടന്നു കൂടിയ 13 മണ്ഡലങ്ങളില്‍ ഇത്തവണ യു.ഡി.എഫ് കടുത്ത പോരാട്ടമാണ് കാഴ്ചവെക്കുന്നത്.
