191 കോടി മുടക്കി വിമാനമല്ല വാങ്ങിയത്, സ്ത്രീകള്‍ക്ക് സൗജന്യ യാത്രയാണ് നല്‍കിയത്; ബിജെപിക്കെതിരെ അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കൂടാതെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. 191 കോടി മുടക്കി വിമാനം വാങ്ങുന്നതിന് പകരം സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുകയാണ് താന്‍ ചെയ്തതെന്ന് അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ ചെയ്യുന്ന ജനക്ഷേമ പരിപാടികള്‍ കണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വിറളി പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. എഎപി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര അനുവദിച്ചു. അതിനെ എതിര്‍ക്കുകയാണ് പ്രതിപക്ഷം ചെയ്തത്. എവിടെ നിന്നാണ് അതിന് പണം എന്ന് അവര്‍ ചോദിച്ചുവെന്ന് കെജരിവാള്‍ പറഞ്ഞു.

ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി 191 കോടി മുടക്കി സ്വന്തം ആവശ്യത്തിന് വിമാനം വാങ്ങുകയാണ് ചെയ്തത്. അതുപോലെ ഒരു വിമാനം വാങ്ങുന്നതിന് പകരം തന്റെ സഹോദരിമാര്‍ക്ക് സൗജന്യ യാത്രയാണ് അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഡല്‍ഹിയില്‍ സര്‍ക്കാര്‍ ബസുകളില്‍ കെജരിവാള്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു.

പദ്ധതി പ്രകാരം കണ്ടക്ടര്‍മാര്‍ 10 രൂപയുടെ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകള്‍ക്ക് നല്‍കും. നല്‍കിയ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച്‌ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സിന് പണം നല്‍കും. 3700 ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളും 1800 മറ്റ് ബസുകളും ചേര്‍ന്നതാണ് ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റം(ധഡിഐഐഎംടിഎസ്).

Leave a Reply

Your email address will not be published. Required fields are marked *