കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമൊപ്പമുള്ള മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ്. ഇവര്‍ക്കുമൊപ്പമുണ്ടായിരുന്ന മലപ്പുറം സ്വദേശിയായ ആള് പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് ഈ മൂന്നാമനെന്നും പോലീസ് വ്യക്തമാക്കി.
മാവോയിസ്റ്റ് ബന്ധമുള്ള കേസുകളിലെ പ്രതിയാണ് മൂന്നാമന്. ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് പോലീസിന് ലഭിച്ചിരുന്നു. ഈ ബാഗില്‍ നിന്നാണ് മാവോയിസ്റ്റ് ബന്ധം വ്യക്തമാകുന്ന പോസ്റ്ററുകളും മറ്റും ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഇയാളെ പോലീസ് തിരിച്ചറിഞ്ഞത്. എന്നാല്‍, ഇയാളുടെ പേര് വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല.
അലന്റേയും താഹയുടേയും ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ വരും. ഈ അവസരത്തില്‍ പോലീസ് മൂന്നാമന്റെ വിവരങ്ങള്‍ നല്‍കിയേക്കും.
