കണ്ടാല്‍ പൂര്‍ണ ഗര്‍ഭിണി, പരിശോധനയില്‍ വയറ്റില്‍ കഞ്ചാവ്: കള്ളക്കടത്തിന് എന്തൊക്കെ വഴികളാ!

ബ്യൂണസ് അയേഴ്സ്: ഗര്‍ഭിണിയായി അഭിനയിച്ച്‌ കഞ്ചാവു കടത്താന്‍ ശ്രമിച്ച യുവതിയെയും കൂട്ടാളിയായ യുവാവിനെയും പൊലീസ് അറസ്റ്റു ചെയ്തു. അര്‍ജന്റീനയിലാണ് സംഭവം. ട്രെയിനില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെ യുവാവ് പരുങ്ങിയതാണ് കള്ളി വെളിച്ചത്തായത്.

ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന വ്യാജേനയാണ് ഇരുവരും അടുത്തടുത്ത സീറ്റുകളിലിരുന്നത്. യുവതി പൂര്‍ണ ഗര്‍ഭിണി. വലിയ വയറും താങ്ങിപ്പിടിച്ചു നടക്കുന്നത് കണ്ട് അലിവു തോന്നിയ സഹയാത്രികരാണ് അടുത്തടുത്ത സീറ്റുകള്‍ ഒപ്പിച്ചുകൊടുത്തത്. പൊലീസിനെ കണ്ടതോടെ യുവാവിന്റെ മുഖത്ത് ചെറിയ ഭാവമാറ്റങ്ങള്‍ കണ്ടുതുടങ്ങി. ഒപ്പം കൈയിലുള്ള കറുത്ത സഞ്ചി ശരീരത്തോട് ചേര്‍ത്തുപിടിക്കുകയും ചെയ്തു.

വശപ്പിശകു മണത്ത പൊലീസ് ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ ഉള്ളില്‍ ഉഗ്രന്‍ കഞ്ചാവ്. അതോടെ യുവാവിനെ കസ്റ്റഡിയിലെടുത്തു. അപ്പോഴാണ് ഒപ്പമുള്ള ഗര്‍ഭിണിയെ ശ്രദ്ധിച്ചത്. അവരോടും ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. വളരെ ബഹുമാനത്തോടെയാണ് യുവതിയോട് പൊലീസുകാര്‍ പെരുമാറിയത്. വനിതാ പോലീസ് വസ്ത്രം മാറ്റി യുവതിയുടെ വയറ് പരിശോധിച്ചെങ്കിലും പ്രശ്നങ്ങളൊന്നും തോന്നിയില്ല. എന്നാല്‍ അവരെ ചോദ്യം ചെയ്തതോടെ കഥ മാറി.

യുവതിയുടെ ഗര്‍ഭത്തിന് കാരണം കഞ്ചാവായിരുന്നു. നാലു കിലോയോളം കഞ്ചാവ് അര്‍ദ്ധവൃത്താകൃതിയിലുള്ള ഒരു പെട്ടിയിലാക്കിയശേഷം വയറില്‍ കെട്ടി വയ്ക്കുകയായിരുന്നു തുടര്‍ന്ന് ഒരു പ്രത്യേക തരം പേസ്റ്റ് ഇതിനു മുകളില്‍ പുരട്ടും. അല്പം കഴിയുന്നതോടെ ഈ പേസ്റ്റ് തൊലിയുടെ അതേ നിറത്തിലും സ്വഭാവത്തിലും ആയി മാറും. വയറ്റില്‍ മാത്രമല്ല നിതംബങ്ങളിലും സ്തനങ്ങളിലും ഒളിപ്പിച്ച്‌ മയക്കുമരുന്ന് കടത്താനും ഈ രീതി ഉപയോഗിക്കുന്നുണ്ട്. ശരീരഭാഗങ്ങളുടെ അസാധാരണ വലിപ്പമാണ് പലപ്പോഴും പൊലീസിന് സംശയത്തിന് ഇടനല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *