അടയ്ക്ക കച്ചവടത്തിന്റെ മറവില്‍ 150 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്

പൊന്നാനി: മലപ്പുറത്ത് 150 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്. പൊന്നാനി സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടയ്ക്ക കച്ചവടത്തിന്റെ മറവിലാണ് കബളിപ്പിച്ചത്. പ്രതികളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്നും നോട്ടെണ്ണുന്ന യന്ത്രവും വ്യാജ ചെക്കുകളും പൊലീസ് പിടിച്ചെടുത്തു. പൊന്നാനി സ്വദേശികളായ റാഷിദ് റഫീഖിനെയും ഫൈസല്‍ നാസറിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ കമ്ബനികളുണ്ടാക്കി കോടികളുടെ അടക്ക കച്ചവടം നടത്തിയതായി ക്രിത്രിമ രേഖ നിര്‍മിച്ചാണ് പണം തട്ടിയത്. കോടികളുടെ അടക്ക കയറ്റുമതി നടത്തുന്നതിന്റെ വ്യാജരേഖകള്‍ നല്‍കി ജി.എസ്.ടിയില്‍ നിന്ന് 5 ശതമാനം സ്വന്തം അക്കൗണ്ടിലേക്ക് ഇന്‍പുട്ട് നികുതിയായി എത്തിച്ചായിരുന്നു തട്ടിപ്പ്.

കൊട്ടടക്കയും തേങ്ങയും കയറ്റുമതി ചെയ്യുന്ന കമ്ബനിയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് നിക്ഷേപകരെ സമീപിച്ചിരുന്നത്. ജി.എസ്.ടി അക്കൗണ്ട് നിര്‍മിക്കുന്നതും സാമ്ബത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതുമെല്ലാം പ്രതികള്‍ തന്നെയായിരുന്നു. ജി.എസ്.ടി തുക അടയ്ക്കാതായതിനെത്തുടര്‍ന്ന് ജി.എസ്.ടി ഉദ്യോഗസ്ഥര്‍ പരാതിക്കാരെ സമീപിച്ചതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം ആദ്യ കണ്ണികള്‍ അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായെത്തുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *