ഒപ്പിയം ഒരു ലഹരി വസ്തുവാണ്. ഒ.പി.എം. ആകട്ടെ.ഒരു ആഗോള ബിസിനസ് മോഡലും. രണ്ടും ഹാനികരമാണ്. ആദ്യത്തേത് ശരീരത്തിനും രണ്ടാമത്തേത് നിക്ഷേപത്തിനും.ഒ.പി.എം.എന്ന ബിസിനസ് മോഡല്‍ കേരളത്തില്‍ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മധ്യവര്‍ഗ നിക്ഷേപകരുടെ സമ്പാദ്യം ഊറ്റിയെടുത്തു. നിക്ഷേപം സ്വീകരിച്ചവര്‍ തടിച്ചു കൊഴുത്തു. നടത്തിയവര്‍ ദരിദ്രരായി.
അദര്‍ പീപ്പിള്‍സ് മണി എന്ന പേരിലറിയപ്പെടുന്ന ഒ.പി.എം.ബിസിനസ് മോഡല്‍ കോര്‍പ്പറേറ്റുകളുടെ ബിസിനസ് തന്ത്രമാണ്. എന്നാല്‍ ഇത് നാട്ടിന്‍ പുറങ്ങളിലും ചില തന്ത്രശാലികള്‍ പയറ്റി. എന്നാല്‍ അവരെ വിശ്വസിച്ച് നിക്ഷേപം നടത്തിയവര്‍ക്ക് ലാഭം കിട്ടിയില്ലെന്ന് മാത്രമല്ല, മുതലും നഷ്ടമായി.
കോര്‍പ്പറേറ്റുകള്‍ ഓഹരി വിപണിയിലൂടെയാണ് നാട്ടുകാരുടെ പണം വാരിക്കൂട്ടയതെങ്കില്‍ ചെറുപട്ടണങ്ങളില്‍ മുദ്രപത്രത്തില്‍ കരാറെഴുതിയാണ് നിക്ഷേപം സ്വീകരിച്ചത്. തുണിക്കടകള്‍ മുതല്‍ ജ്വല്ലറികള്‍ വരെയുള്ള സ്ഥാപനങ്ങള്‍ നാട്ടുകാരുടെ പണം കൊണ്ട് തുടങ്ങിയവര്‍ സുഖം ജീവിതം നയിച്ചു. നിക്ഷേപകര്‍ക്ക് ആദ്യം ലാഭവിഹിതം നല്‍കിയെങ്കിലും പെട്ടെന്ന് എല്ലാവരും കബളിപ്പിക്കപ്പെട്ടു. സ്ഥാപനങ്ങള്‍ പൂട്ടിപ്പോകുകയോ ഉടമകള്‍ മുങ്ങുകയോ ആത്്മഹത്യ ചെയ്യുകയോ ചെയ്‌തെന്ന വാര്‍ത്തയാണ് ഞെട്ടലോടെ അവര്‍ കേള്‍ട്ടത്.
കേരളത്തില്‍ അടുത്തകാലത്ത് ഒട്ടേറെ ഒ.പി.എം. സംരംഭങ്ങളാണ് പൊളിഞ്ഞതത്. മലപ്പുറത്തെ ഓര്‍ക്കിഡ് ഗ്രൂപ്പ് മുതല്‍ തൃശൂരിലെ അവതാര്‍ ഗ്രൂപ്പ് വരെയുള്ളവരുടെ തകര്‍ച്ച ഒട്ടേറെ നിക്ഷേപകരെയാണ് പാപ്പരാക്കിയത്. നിക്ഷേപമായി നല്‍കിയ പണം എവിടെ നിന്ന് തിരിച്ചു കിട്ടുമെന്നറിയാതെ വേവലാതിയിലാണ് ആയിരങ്ങള്‍.
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാധീനമുപയോഗിച്ചാണ് കേരളത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ വളര്‍ന്നത്. ചെറിയ മുതല്‍ മുടക്കില്‍ വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിച്ച് അതിലേക്കെന്ന പേരില്‍ നിക്ഷേപം സ്വീകരിക്കുന്നതാണ് ഒ.പി.എം.മോഡല്‍.ഇത്തരത്തില്‍ ശേഖരിക്കുന്ന പണം മറ്റുമേഖലകളില്‍ നിക്ഷേപിച്ച് അമിതലാഭമുണ്ടാക്കാനാണ് ഉടമകള്‍ ശ്രമിക്കാറുള്ളത്. കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പണം റിയല്‍ എസ്റ്റേറ്റിലാണ് നിക്ഷേപിക്കപ്പെട്ടത്. ആദ്യകാലങ്ങളില്‍ വന്‍ ലാഭമാണ് ഇതിലൂടെ ലഭിച്ചത്. നിക്ഷേപകര്‍ക്ക് ചെറിയൊരു ലാഭം നല്‍കി വലിയൊരു ഭാഗം ഉടമകള്‍ എടുക്കുന്നതാണ് തന്ത്രം. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് വിപണി തകര്‍ന്നതോടെ ലാഭമില്ലാതായി. സ്ഥാപനങ്ങളുടെ നടത്തിപ്പും ഉടമകളും ആഡംബര ജീവിതവും ചെലവ് വര്‍ധിപ്പിച്ചതോടെ നിക്ഷേപകര്‍ക്ക് ലാഭവിഹിതം ലഭിക്കാതായി. വൈകാതെ ഉടമകള്‍ മുങ്ങുന്ന കാഴ്ചകളാണ് കാണുന്നത്.
ആവര്‍ത്തിക്കപ്പെടുന്ന നിക്ഷേപതട്ടിപ്പുകളില്‍ ചെന്നു വീഴുന്ന സ്വഭാവം മലയാളികള്‍ക്ക് ഇപ്പോഴും മാറിയിട്ടില്ല. നിക്ഷേപിക്കുന്ന സ്ഥാപനത്തിന് സാമ്പത്തിക അട്ടിത്തറയുണ്ടോ, ലാഭസാധ്യതയുണ്ടോ, എത്ര കോടികള്‍ നിക്ഷേപമായി സ്വീകരിക്കുന്നു എന്നൊന്നും നിക്ഷേപകര്‍ അന്വേഷിക്കാറില്ല. വാഗ്്ദാനം ചെയ്യപ്പെടുന്ന ഉയര്‍ന്ന ലാഭത്തിന്റെ മോഹവലയത്തില്‍ വീണ് കയ്യിലുള്ള പണം നല്‍കുകയാണവര്‍. പലരും വീട് നിര്‍മിക്കാനോ മകളുടെ കല്യാണത്തിനോ കരുതിവെച്ച പണമാണ് ഇത്തരത്തില്‍ നല്‍കുന്നത്. ഇത് നഷ്ടപ്പെടുമ്പോള്‍ അവരുടെ കണ്ണീരു കാണാന്‍ ആരുമുണ്ടാകാറില്ല.
