റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ചുപേര്‍ മരിച്ചു. മൂന്ന് വിദേശി പൗരന്മാരും രണ്ട് സൗദി പൗരന്മാരുമാണ് മരിച്ചത്. രണ്ട് വിദേശികളും സ്വദേശിയും മദീനയിലും മറ്റൊരു വിദേശി ദമ്മാമിലും ഒരു സ്വദേശി ഖമീസ് മുശൈത്തിലുമാണ് മരിച്ചത്.
രാജ്യത്ത് ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 21 ആയി. പുതുതായി 64 പേര്‍ സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 328 ആയി ഉയര്‍ന്നു. 165 പേര്‍ക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചതായും രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1885 ആയി ഉയര്‍ന്നതായും സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി വാര്‍ത്താസേമ്മളനത്തില്‍ അറിയിച്ചു.
രോഗമുക്തരൊഴികെ ബാക്കിയുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. 30 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലും. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ മക്കയിലാണ്, 48 പേര്‍.
മദീനയില്‍ 46ഉം ജിദ്ദയില്‍ 30ഉം ഖഫ്ജിയില്‍ ഒമ്ബതും റിയാദില്‍ ഏഴും ഖമീസ് മുശൈത്തില്‍ ആറും ഖത്വീഫില്‍ അഞ്ചും ദഹ്റാനിലും ദമ്മാമിലും നാലുവീതവും അബ്ഹയില് രണ്ടും അല്‍ഖോബാര്‍, റാസതനൂറ, അഹദ് റഫീദ, ബിഷ എന്നിവിടങ്ങില്‍ ഒരോന്ന് വീതവും കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് സൗദിയില്‍ തിരിച്ചെത്തിയതും ബാക്കിയുള്ളവര്‍ക്ക് നേരത്തെ രോഗം ബാധിച്ചവരില്‍ നിന്ന് പകര്‍ന്നതുമാണ്.
