ന്യൂഡല്‍ഹി: കേരള അതിര്‍ത്തികള്‍ അടച്ച വിഷയത്തില്‍ കര്‍ണാടകയ്ക്ക് തിരിച്ചടി. കാസര്‍ഗോഡ്-മംഗളുരു ദേശീയ പാത തുറന്നു കൊടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശം നല്കിയ കേരള ഹൈക്കോടതി ഉത്തരവില്‍ സുപ്രീംകോടതിയില്‍ സ്റ്റേയില്ല.
ആരോഗ്യസെക്രട്ടറിയും കേരള-കര്‍ണാടക ചീഫ് സെക്രട്ടറിമാരും സംയുക്തമായി ചര്‍ച്ചനടത്തി പ്രശ്നം പരിഹരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അവശ്യ സര്‍വീസുകളെ തടയാനാകില്ലെന്നും ഇവ കടത്തിവിടണമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. എന്നാല്‍ കര്‍ണാടകയോട് അതിര്‍ത്തി തുറക്കണമെന്ന നിര്‍ദേശം കോടതി നല്‍കിയിട്ടുമില്ല. കേരള ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.
ഏതൊക്കെ വാഹനങ്ങള്‍ കടത്തി വിടണമെന്ന് തീരുമാനിക്കാന്‍ സമിതി ഉണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍, കേന്ദ്ര ആരോഗ്യ സെക്രട്ടറി എന്നിവരുടെ സമിതി രൂപീകരിക്കണമെന്നാണ് നിര്‍ദേശം. ഹര്‍ജി ഏഴാം തീയതി വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കര്‍ണാടക അതിര്‍ത്തി അടച്ചതോടെ കാസര്ഗോട്ടുള്ള രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചുവെന്നും കേരളം ഇന്ന് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കാസര്‍ഗോഡിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തങ്ങള്‍ക്കു ഭീഷണിയാണ് കര്‍ണാടകയും കോടതിയില്‍ വാദിച്ചു.
