കണ്ണൂര്‍: പാനൂര്‍ പാലത്തായിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബിജെപി നേതാവായ അധ്യാപകന് പീഡിപ്പിച്ച കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണെന്നാണ് മനസ്സിലാക്കുന്നതെന്ന് പി ജയരാജന്. ഈ വിഷയം ശ്രദ്ധയില്‍പെട്ടത് മുതല്‍ ഇരയ്ക്ക് നീതി ലഭിക്കാന്‍ കൃത്യമായി ഇടപെട്ടുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് സിപിഐ എം.പ്രദേശത്തെ സിപിഐ എം ലോക്കല്‍ സെക്രട്ടറി എം പി ബൈജുവിനൊപ്പം താനും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.
ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്ന മുസ്ലിം ലീഗും കോണ്‍ഗ്രസ്സും തുടക്കത്തില്‍ ഈ വിഷയത്തില്‍ മൗനത്തിലായിരുന്നു. പിന്നീട് ഉന്നയിച്ച ആക്ഷേപം, പൊലീസ് പ്രതിക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്യുന്നില്ല എന്നതായിരുന്നു.എന്നാല്‍ പൊലീസ് കൃത്യമായി അന്വേഷിച്ചു കേസ് ചാര്‍ജ്ജ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ആര്‍എസ്എസ് നേതൃത്വത്തിന്റെ സംരക്ഷണയിലാണ് പ്രതി ഒളിവില്‍ കഴിയുന്നത് എന്നാണ് മനസിലാക്കുന്നത്.
ലോക്ക്ഡൗണിന്റെ ആനുകൂല്യമടക്കം പ്രതിക്ക് ലഭിച്ചു. എന്നിരുന്നാലും പ്രതിയെ ഉടന്‍ പിടികൂടും എന്ന ഘട്ടത്തിലാണ് ഇപ്പോള്‍ ഈ വിഷയം സജീവ ചര്‍ച്ചയായിരിക്കുന്നത്. ഇത്തരമൊരു കേസില്‍ പ്രതിയെ എത്രയും പെട്ടന്ന് പിടികൂടണമെന്നാണ് താനടക്കമുള്ള മുഴുവനാളുകളുടെയും ആഗ്രഹം.അതുകൊണ്ട് തന്നെ അറസ്റ്റ് വൈകുമ്ബോള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാകുന്നത് സ്വാഭാവികം
അതേസമയം, ഇതിനിടയിലുള്ള യുഡിഎഫിന്റെ രാഷ്ട്രീയ അജണ്ട കാണാതിരുന്നുകൂടാ.’സംഘി പോലീസ്’ എന്നാണ് അവര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. അത് അത്ര നിഷ്കളങ്കമായി കാണാനാകുന്ന ഒന്നല്ല. പ്രതിയെ അറസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ ഈ പറഞ്ഞത് മാറ്റി പറയാന്‍ അവര്‍ തയ്യാറാകുമോ ? സിപിഐ എം- ബിജെപി കൂട്ടുകെട്ട് എന്നും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അവരുടെ ആവശ്യം എത്രയും പെട്ടന്ന് പ്രതിയെ അറസ്റ്റ് എന്നുള്ളതല്ല, എങ്ങിനെയെങ്കിലും സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് നേട്ടമുണ്ടാക്കുക എന്നുള്ളത് മാത്രമാണ്.
പ്രതിയെ സംരക്ഷിക്കുന്ന സംഘപരിവാറിനെ കുറിച്ചല്ല, അയാളെ പ്രതിചേര്‍ക്കുകയും അറസ്റ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരള പൊലീസിനെയാണ് ഒരു യൂത്ത് ലീഗ് നേതാവ് സംഘി പൊലീസ് എന്ന് ആക്ഷേപിക്കുന്നതെന്നും പി ജയരാജന് പറഞ്ഞു.
