കുതിരാന്‍ തുരങ്ക നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണം: മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം : ലോക്ക് ഡൗണ്‍ കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച ഇളവുകളുടെ പശ്ചാത്തലത്തില്‍ ദേശീയപാത 544 ലെ തൃശൂര്‍- പാലക്കാട് റീച്ചിലെ കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചതായി പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

നിര്‍മ്മാണ കാലാവധി പൂര്‍ത്തിയാക്കിയിട്ടും, കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മ്മാണം കരാര്‍ കമ്ബനി പൂര്‍ത്തിയാക്കിയിട്ടില്ല. നിയമങ്ങള്‍ മറികടന്നാണ് കരാറുകാരന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചത്. കരാറുകാരന്റെ നിയമവിരുദ്ധമായ ഈ നടപടി സംസ്ഥാനത്തോടും ആയിരക്കണക്കിന് യാത്രക്കാരോടും കാട്ടുന്ന അനീതിയാണ്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിന്നും റോഡ് നിര്‍മ്മാണ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവ് അനുവദിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് തുരങ്ക നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടത്.

2019-20 സാമ്ബത്തിക വര്‍ഷത്തില്‍ കേന്ദ്ര റോഡ് ഫണ്ട് വിഹിതം അനുവദിക്കുന്നതിന് റോഡുകളുടെ പേര് വിവരം സഹിതം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നുവെങ്കിലും തുക അനുവദിച്ച്‌ കിട്ടിയിട്ടില്ല. ആയതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ചത് പോലെ കേരളം സമര്‍പ്പിച്ച ലിസ്റ്റ് അംഗീകരിച്ച്‌ കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും തുക അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *