യുഎസില്‍ കൊറോണ തീവ്രമായി വ്യാപിക്കുന്നത് അവസാനിച്ചെന്നും വിപണികള്‍ തുറക്കാന്‍ സമയമായെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെളിപ്പെടുത്തി. വിപണികള്‍ തുറക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടു. ലോക്ക്ഡ് ലഘൂകരിക്കാനുള്ള മൂന്നു ഘട്ടങ്ങളായുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ചെറുകിട സ്ഥാപനങ്ങള്‍ക്കും മറ്റുമാണ് ഇളവുകള്‍ നല്‍കിയത്.
വിപണി തുറക്കാനുള്ള അന്തിമ തീരുമാനം ട്രംപ് സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് വിട്ടു നല്കി. ദേശീയ ലോക്ക്ഡൗണ്‍ സുസ്ഥിര പരിഹാര മാര്‍ഗമല്ലെന്നു പറഞ്ഞ ട്രംപ് ജനങ്ങള്‍ രാജ്യം തുറക്കാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞു. നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ പൊതുജനാരോഗ്യത്തിന് ഗുരുതര പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
മൂന്ന് ഘട്ടമായി രാജ്യത്തെ വിപണി തുറക്കാനാണ് ട്രംപിന്റെ പദ്ധതി. ഇതില്‍ ആദ്യഘട്ടത്തില്‍ ആവശ്യമില്ലാത്ത യാത്രകളും ആള്‍ക്കൂട്ടവും ഒഴിവാക്കും. ശാരീരിക അകലം കര്‍ശനമായി പാലിച്ച് ഭക്ഷണ ശാലകള്‍, ആരാധനാലയങ്ങള്‍, കായിക വിനോദ കേന്ദ്രങ്ങള്‍ എന്നിവ തുറക്കും. രണ്ടാംഘട്ടത്തില്‍ എല്ലാ യാത്രകളും, സ്കൂളുകളും ബാറുകളും തുറക്കും. മൂന്നാംഘട്ടത്തില്‍ മറ്റ് വലിയ ഇളവുകളും ജോലി സ്ഥലങ്ങളും നിയന്ത്രണങ്ങളോടെ തുറന്ന് നല്‍കും.
മയക്കുമരുന്ന് ഉപയോഗം, മദ്യപാനം, ഹൃദ്രോഗം, മറ്റ് ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ എന്നിവ കുത്തനെ ഉയരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ആരോഗ്യമുള്ള പൗരന്മാര്ക്ക് നിയന്ത്രണങ്ങളോടെ ജോലിയിലേക്ക് മടങ്ങാന്‍ കഴിയും. എന്നാല്‍ എല്ലാവരും കൃത്യമായ സാമൂഹിക അകലം പാലിക്കണം. ആരോഗ്യം മോശമാണെങ്കില്‍ വീട്ടില്‍ തുടരാനും ട്രംപ് പറഞ്ഞു.
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,174 കൊറോണ മരണങ്ങളാണ് ഉണ്ടായത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 34,617 ആയി.
