പിണറായിയുടെ ഭാഗത്തുനിന്നു പ്രതീക്ഷിക്കാവുന്ന ലളിതമായ പ്രതികാരമാണ് വിജിലന്‍സ് അന്വേഷണം; അഴിമതി കേസില്‍ പ്രതികരിച്ച്‌ കെഎം ഷാജി

കോഴിക്കോട്: അഴിമതി ആരോപണത്തില്‍ വിജിലന്‍സിന് കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി കെഎം ഷാജി എംഎല്‍എ. പിണറായി വിജയന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാവുന്ന ഏറ്റവും ലളിതമായ പ്രതികാരമാണ് വിജിലന്‍സ് അന്വേണമെന്ന് കെഎം ഷാജി എംഎല്‍എ പ്രതികരിച്ചു. ഒരുതരത്തിലും നിലനില്‍ക്കാത്ത, സത്യത്തിന്റെ നേരംശം പോലുമില്ലാത്ത കേസാണിതെന്നും അദ്ദേഹം ആരോപിച്ചു.

തനിക്ക് പ്ലസ്ടു അനുവദിക്കാനുള്ള അവകാശമില്ല. ഒരു ബാച്ചും അനുവദിക്കാനാകില്ല. ഒരു എംഎല്‍എ മാത്രമാണ്. കോഴ്‌സ് അനുവദിക്കേണ്ടത് ഒരു മന്ത്രിയാണ്. മന്ത്രിയുടെ അടുത്ത് പോയി അനുമതി വാങ്ങി എന്നാണ് ആരോപണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജിലന്‍സ് അന്വേണം രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം ആരോപിച്ചു. അവര്‍ക്ക് സ്വാഭാവികമായും എന്നോട് ശത്രുതയുണ്ടാകും. ഇപ്പോള്‍ അത് കുറച്ചുകൂടി മൂര്‍ച്ഛിച്ചു. കോടികള്‍ ചെലവഴിച്ച്‌ ഉണ്ടാക്കുന്ന ബിംബത്തെയല്ലേ രണ്ട് ദിവസം കൊണ്ട് തകര്‍ക്കുന്നത്. സ്വഭാവികമായും അതിന്റെ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലിം ലീഗ് എംഎല്‍എയായ കെഎം ഷാജി അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്ററി അനുവദിക്കാന്‍ പണം വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കിയതോടെ വിജിലന്‍സ് കേസെടുത്തിരുന്നു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭനാണ് പരാതിക്കാരന്‍.

വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി സംഭവത്തില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തുടര്‍നടപടി. നിയമസഭ സ്പീക്കറോടും സര്‍ക്കാരിനോടും കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടിയിരുന്നു. ഇതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *