ദില്ലി; കൊറോണ വൈറസ് മഹാമാരി വലിയ വെല്ലുവിളിയും അതേസമയം അവസരവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ വിദഗ്ദരെ അണിനിരത്താനും പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനുമുള്ള അവസരം കൂടിയാണിതെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘കൊവിഡ് മഹാമാരി വലിയ വെല്ലുവിളിയാണ്. അതുപോലെ തന്നെ അവസരവും. നമ്മുടെ ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, ഡാറ്റാ വിദഗ്ധര്‍ എന്നിവരെ കൂട്ടിച്ചേര്‍ത്ത് ഈ പ്രതിസന്ധിക്ക് നൂതന രീതിയില്‍ ഉള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തണം’, എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
കൊവിഡ് പ്രതിസന്ധിയില്‍ ശക്തമായ ഇടപെടലുകളാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നടപടികളെ രാഹുല്‍ വിമര്‍ശിക്കുകയും പല നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുകയും ചെയ്തിട്ടുണ്ട്.നേരത്തേ കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ലോക് ഡൗണ്‍ പ്രതിവിധിയല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങളാണ് കൊവിഡ് പ്രതിരോധനത്തിന് ഫലം ചെയ്യുക. വൈറസ് പ്രതിരോധത്തിന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുള്ള സംഘങ്ങള്‍ ആവശ്യമാണ്. ജില്ലാ തലത്തിലുള്ള സംവിധാനങ്ങളുടെ മികവ് കൊണ്ടാണ് കേരളത്തിലും തന്റെ മണ്ഡലമായ വയനാട്ടിലും കൊവിഡിനെതിരായ പോരാട്ടം വിജയിക്കാനായത്. നിരവധി വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടികളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ വൈറസിനെതിരെ ഒറ്റക്കെട്ടായി പോരാടാനുള്ള സമയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
കൊവിഡ് വ്യാപനം തുടങ്ങുന്ന ആദ്യ ഘട്ടത്തില്‍ തന്നെ രാഹുല്‍ ഗാന്ധി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വരാനിരിക്കുന്നത് വന്‍ വിപത്താണെന്നും അതിനെ നേരിടാനായി സര്‍ക്കാര്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഫെബ്രുവരി 12 നായിരുന്നു രാഹുല്‍ ആദ്യം ആവശ്യപ്പെട്ടത്.ജനങ്ങള്‍ക്കും സമ്ബദ് വ്യവസ്ഥയ്ക്കും ഒരു പോലെ ഭീഷണിയാണ് കൊറോണയെന്നായിരുന്നു രാഹുല്‍ മുന്നറിയിപ്പ് നല്‍കിയത്.കൊവിഡ് വൈറസിനെതിരെ മാത്രമല്ല അതിന് ശേഷം ഉണ്ടാകാനിടയുള്ള സാമ്ബത്തിക തകര്‍ച്ചയെ നേരിടാനും രാജ്യം സജ്ജമാകണം എന്നും പലപ്പോഴായി രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
