കോവിഡ് പ്രതിരോധം: മലപ്പുറത്ത് ആരോഗ്യവകുപ്പ് ഹൈടെക്

മലപ്പുറം: കോവിഡ്19 മഹാമാരിയെ പ്രതിരോധിക്കുന്നതിന് ജില്ലയില്‍ ആരോഗ്യവകുപ്പിന്റേത് ഹൈടെക് പ്രവര്‍ത്തനം. രോഗവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് സാങ്കേതിക തികവോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഏറെ നാളുകളായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നത്. കോവിഡുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയങ്ങള്‍ ദൂരികരിക്കുന്നതു മുതല്‍ അടിയന്തിര ഘട്ടങ്ങളില്‍ ആവശ്യമുള്ള സഹായങ്ങള്‍ വരെ വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് വകുപ്പ് കൈകൊണ്ടിട്ടുള്ളത്.
ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും തമ്മിലുള്ള കണക്ടിവിറ്റിയാണ് പ്രവര്‍ത്തനങ്ങളില്‍ പ്രധാനം. ഇതിനായി തയ്യാറാക്കിയ സ്‌നേഹ എന്ന പദ്ധതി ഇതിനകം ആയിരക്കണിക്ക് ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടു. 9015803804 എന്ന ഒറ്റ നമ്പരിലേക്കു വിളിച്ചാല്‍ എല്ലാ തരത്തിലുള്ള ആരോഗ്യസേവനങ്ങളും ലഭ്യമാക്കുന്നതാണ് പദ്ധതി. ദിവസേന നൂറിലേറെ പേര്‍ ഈ നമ്പരില്‍ വിളിച്ച് സഹായം തേടുന്നുണ്ട്. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സ്‌നേഹ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്.
ഈ നമ്പരില്‍ വിളിക്കുന്നവര്‍ക്ക് വിവിധ ആരോഗ്യസേവനങ്ങള്‍ ലഭ്യമാകും. കോവിഡ് കണ്‍ട്രോള്‍ റൂം,കൗണ്‍സലിംഗ്,ഡോക്ടര്‍മാരുമായി സംസാരിക്കാനുള്ള അവസരം,സെക്യാട്രി വിഭാഗം വിദഗ്്ദരുമായി സംസാരിക്കുനുള്ള പ്രത്യേക സംവിധാനം,ആംബുലന്‍സ് സേവനം, പാലിയേറ്റീവ് സേവനം തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് സേവനം നല്‍കുന്നത്. കോവിഡ് മൂലമുള്ള ആരോഗ്യ മാനസിക പ്രശ്്‌നങ്ങളെ കൈകാര്യം ചെയ്യുന്നതിന് ഈ പദ്ധതി പ്രയോജനകരമാണ്.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തെ സജീവമാക്കുന്നതിന് നിരവധി ജീവനക്കാരാണ് വിശ്രമമില്ലാതെ ജോലിയെടുക്കുന്നത്. പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ 20 ഡോക്ടര്‍മാരാണ് രാപ്പകല്‍ കാത്തിരിക്കുന്നത്. പാലിയേറ്റീവ് വിഭാഗത്തില്‍ പത്തുപേരുടെ സേവനവും ലഭ്യമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സക്കീനയുടെ മേല്‍നോട്ടത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐ.വി.ആര്‍.എസ് സംവിധാനം ഉപയോഗിച്ചുള്ള സേവനങ്ങള്‍ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത് മലപ്പുറം ജില്ലയിലാണെന്ന് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.ഷിബു ലാല്‍ പറഞ്ഞു. ചങ്ങരംകുളത്തെ സ്പാര്‍ക് ടെക്‌നോമീഡിയക്ക് വേണ്ടി പാലക്കാട് ജില്ലയിലെ കപ്പൂര്‍ സ്വദേശിയായ എന്‍.എം.മുബാറക്കാണ് സ്‌നേഹ പദ്ധതിയുടെ സാങ്കേതിക സംവിധാനങ്ങള്‍ രൂപ കല്‍പ്പന ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *