മലപ്പുറം: കെ.എം ഷാജി എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് അനുമതി നല്‍കിയതിന് സ്പീക്കറെ വിമര്‍ശിച്ച കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്. ടിവി രാജേഷ് എം.എല്‍.എയാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നോട്ടീസ് നല്‍കിയത്.കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്കിയ സ്പീക്കറുടെ നടപടിക്കെതിരെ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രസ്താവനയിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു. വി.ഡി സതീശന്, എ.പി അനില്‍കുമാര്‍ ,ഷാഫി പറമ്ബില്‍ ,സണ്ണി ജോസഫ് , റോജി എം ജോണ്‍, ശബരിനാഥന്. അന്‍വര്‍ സാദത്ത് എന്നിവരാണ് പ്രതിഷേധം അറിയിച്ചത്.
കൊവിഡ് പ്രതിരോധത്തിനായി നിയമസഭാ സമ്മേളനം നിര്‍ത്തി വച്ച അതേദിവസം ഷാജിക്കെതിരെ അന്വേഷണത്തിന് അനുമതി നല്‍കിയത് അത്ഭുതകരമാണെന്ന് പ്രസ്താവനയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഇത്തരമൊരു തീരുമാനമെടുത്താല്‍ അംഗങ്ങളെ അറിയിക്കും. ഇവിടെ അതുമുണ്ടായില്ലെന്നും ആരോപിച്ചു.ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഈ പ്രസ്താവനയ്ക്ക് എതിരെയാണ് അവകാശലംഘന നോട്ടീസ് വന്നിരിക്കുന്നത്. ഏഴ് എംഎല്‍എമാരും അജ്ഞതകൊണ്ടോ മനപൂര്‍വ്വമോ ചെയ്ത കാര്യങ്ങള്‍ ശരിയായില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു. വ്യക്തമായ നിയമോപദേശത്തോടെയാണ് പ്രസ്തുത ഫയല്‍ സ്പീക്കറുടെ ഓഫീസിലെത്തിയത്. അപ്പോള്‍ ഫയലില്‍ ഒപ്പിടാതെ വേറെ നിവൃത്തിയില്ല. അതിനെ ആ നിലയില്‍ കാണാതെ ചില എം.എല്‍.എമാര്‍ പ്രതികരിച്ചു. ആ പ്രസ്താവന അവര്‍ തിരുത്തുമെന്ന് കരുതുന്നതായും സ്പീക്കര്‍ പറഞ്ഞു.
