ട്രെയിനില്‍, വൃദ്ധനില്‍ നിന്നും തനിക്കുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച് സമൂഹ മാധ്യമത്തിലൂടെ തുറന്നു പറഞ്ഞ് യുവതി. മാര്‍വ എന്ന 20 വയസ്സുള്ള പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് പറയുന്നത്. ലോകത്തിനു മുന്പില് ഞാന്‍ എന്റെ കഥ പറയുകയാണ്.’ എന്ന കുറിപ്പോടെയാണ് പെണ്‍കുട്ടി വിഡിയോ പങ്കുവയ്ക്കുന്നത്.
ഇത് എനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ കഥയാണ്. നമുക്കിടയില്‍ നിരവധിപേര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. പക്ഷേ, തുറന്നു പറയാന്‍ പലപ്പോഴും ഭയമാണ്.ലൈംഗികാതിക്രമത്തിനെതിരായ ബോധവത്കരണത്തിനുള്ള മാസമായി ഏപ്രിലിനെ നമുക്ക് കാണാം. ലോകത്തിനു മുന്പില് ഞാന്‍ എന്റെ കഥ പറയുകയാണ്.
എന്റെ പേര് മാര്‍വ. 20 വയസ്. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് എന്റെ കഥയാണ് പറയാന്‍ പോകുന്നത്. നമുക്ക് പലപ്പോഴും എന്താണ് ലൈംഗിക അതിക്രമം എന്ന് വ്യക്തമായി മനസിലാകാതെ പോകാറുണ്ട്, അതിനാല്‍ . എന്റെ അനുഭവം ഞാന്‍ ഇവിടെ നിങ്ങളുമായിപങ്കുവയ്ക്കുന്നു.
മംഗലൂരുവില്‍ നിന്നും ട്രെയിനില്‍ നാട്ടിലേക്കുള്ള യാത്രക്കിടെ അറുപതു വയസിനു മുകളില്‍ പ്രായമുള്ള ഒരാള്‍ എന്റെ അരികില്‍ വന്നിരുന്നു. അയാള്‍ ഉറങ്ങുന്നതു പോലെ അഭിനയിച്ചു. ശേഷം എന്റെ മാറിടത്തില്‍ സ്പര്‍ശിച്ച പോലൊരു തോന്നല്‍ എനിക്കുണ്ടായി, തോന്നിയതായിരിക്കുമെന്ന് വിചാരിച്ച് പിന്നീട് ഞാനും ഉറങ്ങാന്‍ തുടങ്ങി. പക്ഷെ അല്ല അതെന്റെ വെറും തോന്നലല്ലെന്നു എനിക്ക് മനസ്സിലായി, അയാള്‍ എന്റെ മാറിടത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. പിന്നെയും അയാള്‍ ഉറങ്ങുന്നതായി അഭിനയിക്കുകയാണ്. തന്റെ മുത്തച്ഛനോളം പ്രായമുള്ള ഒരാളാണ് എന്നോടിങ്ങനെ പെരുമാറിയിരിക്കുന്നത്. എങ്ങനെ പ്രതികരിക്കണം എന്നെനിക്കപ്പോള്‍ അറിയുവാന്‍ കഴിഞ്ഞിരുന്നില്ല. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെ കടന്നു പോയത്. ശബ്ദം പോലും പുറത്തു വരാതെ തൊണ്ടയില്‍ കുരുങ്ങിയിരുന്നു, സ്ഥലകാല ബോധം വന്നതും ഞാന്‍ ഉറക്കെ പ്രതികരിച്ചു,അയാള്‍ക്കു നേരെ ദേഷ്യപ്പെട്ടു, അലറിവിളിച്ചു. പക്ഷെ താന്‍ ഉറക്കമാണെന്നായിരുന്നു അയാളില്‍ നിന്നുണ്ടായ പ്രതികരണം. അപ്പോഴേക്കും ഒച്ചവയ്ക്കുന്നതു കേട്ട് ആ കംപാര്‍ട്ട്മെന്റിലുള്ള മറ്റു യാത്രക്കാര്‍ വന്ന് ഇടപെട്ടുവെന്നും മാര്‍വ പറയുന്നു.
ഇത് ഒരു അനുഭവം മാത്രമാണ്,ഇത്തരത്തില്‍ നിരവധി അനുഭവങ്ങള്‍ നമുക്കുണ്ടാകുന്നുണ്ട്. പൊതുയിടങ്ങളിലും ബസിലും ട്രെയിനിലുമെല്ലാം പെണ്‍കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. കൂടുതല്‍ പ്രശ്നമുണ്ടാക്കണ്ട എന്ന കുടുംബത്തിന്റെ ഭയം കൊണ്ടുമാത്രമാണ് പലരും തുറന്നു പറയാതെ പോകുന്നതെന്നും, ഭയപ്പെടാതെ തങ്ങളുടെ അനുഭവങ്ങള്‍ തുറന്നു പറയാന്‍ സ്ത്രീകള്‍ തയാറാകണമെന്നും മാര്‍വ വിഡിയോയില്‍ ആവശ്യപ്പെട്ടു. അതേസമയം വീഡിയോ കണ്ടതും നിരവധിപ്പേരാണ് മാര്‍വയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
