മനുഷ്യരാശിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ മഹാമാരികളിലൊന്നാണ് കോവിഡ്-19. കൊറോണ വൈറസ് അതിവേഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുമ്പോള്‍ പ്രതിരോധിക്കാനുള്ള വഴികള്‍ തേടുകയാണ് ശാസ്ത്രലോകം.
നഗ്്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത കൊറോണയെന്ന വൈറസ് ചൈനയിലെ വുഹാന്‍ പ്രവശ്യയില്‍ 2019 ഡിസംബറിലാണ് പടര്‍ന്നു പിടിച്ചു തുടങ്ങിയത്. പിന്നീട് അത് മഹാഭൂരിഭാഗം രാജ്യങ്ങളിലേക്കും വ്യാപിക്കുകയും രണ്ടു ലക്ഷത്തിലേറെ പേരുടെ മരണത്തിനിടയാക്കുകയും ലക്ഷക്കണക്കിന് പേരെ രോഗികളാക്കുകയും ചെയ്തിരിക്കുന്നു. പ്രത്യേക രൂപമോ നിറമോ ഇല്ലാത്ത കൊറോണ, മനുഷ്യശരീരത്തില്‍ കയറുമ്പോള്‍ മാത്രമാണ് അപകരടകാരിയാകുന്നത്. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ നശിപ്പിക്കുകയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും ചെയ്യുകയാണ് ഈ വൈറസ് ചെയ്യുന്നത്.
നേരിയ തോതിലുള്ള തലവേദന,ജലദോഷം,പനി എന്നിവയാണ് കൊറോണ മൂലമുണ്ടാകുന്ന കോവിഡ് രോഗത്തിന്റെ ആദ്യലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് ശ്വാസതടസം രൂക്ഷമാകുകയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുകയും ചെയ്യും. വലിയൊരു ശതമാനം ആളുകളില്‍ ഈ രോഗം മാരകമല്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കര്‍ശനമായ വിശ്രമം പാലിച്ചാല്‍ ചികില്‍സയില്ലാതെ തന്നെ അസുഖം ഭേദമാകും. എന്നാല്‍ പ്രായം ചെന്നവര്‍, ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്‍,പ്രമേഹ രോഗികള്‍,ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍,കാന്‍സര്‍ രോഗികള്‍ എന്നിവരില്‍ ഈ വൈറസ് അപകടകാരികളായി മാറും.
വൈറസ് ശരീരത്തിലേക്ക് കടക്കുന്നത് ഒഴിവാക്കുക എന്നതാണ് പ്രതിരോധത്തില്‍ പ്രധാനം. ഇതിനായി വായ,മൂക്ക്,കണ്ണ് എന്നിവിടങ്ങളില്‍ കൈകൊണ്ട് തൊടുന്നത് ഏറെ ശ്രദ്ധയോടെ വേണം. കൈകള്‍ എപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകുക.സോപ്പിന് കൊറോണയെ എളുപ്പത്തില്‍ നശിപ്പിക്കാനുള്ള കഴിവുണ്ട്. വീടിന് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. വീടിന് പുറത്തിറങ്ങുന്നത് കുറയ്ക്കുക.പുറത്തിറങ്ങിയാല്‍ തന്നെ മറ്റുള്ളവരുമായി അകലം പാലിക്കുക. പുറത്തു നിന്ന് വീട്ടിലെത്തിയാല്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. ധരിച്ച വസ്ത്രങ്ങള്‍ പെട്ടെന്ന് തന്നെ അലക്കി ഉണക്കുകയോ മറ്റു വസ്ത്രങ്ങളുമായോ ആളുകളുമായോ ഇടപഴകാതെ വെക്കുകയോ വേണം. രോഗബാധിതരും അല്ലാത്തവരും തുമ്മുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. ഒരാളുടെ ശരീരത്തില്‍ വൈറസ് ഉണ്ടോ എന്ന് അറിയണമെന്നില്ല. അയാള്‍ തുമ്മുമ്പോള്‍ മറ്റുള്ളവരിലേക്ക് രോഗാണു പകരാനുള്ള സാധ്യത ഏറെയാണ്. വീട്ടിലുള്ളവരെല്ലാം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.കുട്ടികളെയും ഇക്കാര്യം ധരിപ്പിക്കണം.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കലാണ് കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള മറ്റൊരു വഴി. ഇതിനായി ശരീരത്തിന് വിറ്റാമിന്‍-സി ലഭ്യമാക്കണം. പ്രഭാതത്തില്‍ ഇളംവെയില്‍ കൊള്ളുക, ചെറിയ തോതിലെങ്കിലും വ്യായാമം ശീലമാക്കുക, വിറ്റാമിന്‍-സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക എന്നിവയാണ് പോംവഴികള്‍. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നുകള്‍ വിവിധ ശാഖകളിലുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനനുസരിച്ച് കഴിക്കണം.
കോവിഡ് പ്രതിരോധത്തില്‍ ജാഗ്രതയാണ് പ്രധാനം. സ്വയം രോഗവാഹകരാകാതിരിക്കാനും മറ്റുള്ളവരിലേക്ക് രോഗം പടര്‍ത്താതിരിക്കാനും എല്ലാവരും ജാഗ്രത പാലിക്കണം. സ്ഥിരമായി സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകല്‍, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍,സാമൂഹിക അകലം പാലിക്കല്‍ എന്നിവയിലൂടെ കൊറോണയെ അകറ്റി നിര്‍ത്താമെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. കോവിഡ് രോഗത്തിന് മരുന്ന് കണ്ടെത്തും വരെയെങ്കിലും ഈ ജാഗ്രത എല്ലാവരും തുടരേണ്ടതുണ്ട്.
