രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി. മറ്റന്നാള്‍ ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് തീരുമാനം. രാജ്യത്താകെ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. മെയ് നാലുമുതല്‍ 17 വരെയാണ് ലോക്ക്ഡൗണ്‍ തുടരുക. 2005ലെ ദേശീയ ദുരന്തനിവാരണമനുസരിച്ചാണ് നടപടി.

റെഡ്സോണുകളില്‍ നിയന്ത്രണം കടുപ്പിക്കുമ്ബോഴും ഗ്രീന്‍ സോണുകളിലും ഓറഞ്ച് സോണുകളിലും ഇളവുകള്‍ ഉണ്ടാകും. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും. എന്നാല്‍ ഗ്രീന്‍ സോണുകളില്‍ ബസ് സര്‍വീസുകള്‍ക്ക് അനുമതിയുണ്ട്. 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കു.

വിമാനം, റെയില്‍വേ, അന്തര്‍ സംസ്ഥാന യാത്രകള്‍ തുടങ്ങിയവയ്ക്കുള്ള വിലക്ക് തുടരും. സിനിമാശാലകള്‍, മാളുകള്‍, ജിംനേഷ്യം എന്നിവ പ്രവര്‍ത്തിക്കില്ല. ജില്ലകള്‍ക്കുള്ളിലും റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ എന്ന രീതിയില്‍ വിഭജനമുണ്ടാകും. രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകള്‍ പാടില്ല. പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ടാകും. 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീടുകളില്‍നിന്നു പുറത്തിറങ്ങരുത്.

ഗര്‍ഭിണികള്‍‌ക്കും രോഗികള്‍ക്കും പുറത്തിറങ്ങുന്നതിനു വിലക്കുണ്ട്. അവശ്യ കാര്യങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് എഴുവരെ പുറത്തിറങ്ങാം. ഓറഞ്ച് സോണില്‍ ടാക്സി അനുവദിക്കും. ഡ്രൈവറും ഒരു യാത്രക്കാരനും മാത്രമേ ടാക്സിയില്‍ കയറാവൂം എന്നും കേന്ദ്രം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

ഒട്ടുമിക്ക സംസ്ഥാനങ്ങളും ലോക്ക്്ഡൗണ്‍ തുടരണമെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബ് അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ കേന്ദ്രതീരുമാനം വരുന്നതിന് മുന്‍പെ തന്നെ ലോക്ക് ഡൗണ്‍ നീട്ടിയിരുന്നു. കേരളവും മെയ് 15 വരെ ഭാഗികമായി ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യം കേന്ദ്രത്തിന് മുന്നില്‍ വെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *