തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്തെ ഇതരസംസ്ഥാനങ്ങളില്‍നിന്നു സ്വദേശത്തേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഒന്നരലക്ഷം പിന്നിട്ടു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1,50,054 മലയാളികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തതെന്ന് നോര്‍ക്ക അറിയിച്ചു.
കര്‍ണാടകയില്‍നിന്നു തന്നെ കേരളത്തിലേക്കു മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അരലക്ഷത്തോളമായി. ഇവിടെനിന്നും 49,233 പ്രവാസികളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തത്. തമിഴ്നാട്ടില്‍നിന്ന് 45,491 പേരും മഹാരാഷ്ട്രയില്‍നിന്ന് 20,869 പേരും സ്വദേശത്തേക്ക് മടങ്ങാനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ, കേരളത്തിലേക്കു മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. സംസ്ഥാനത്തേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന ആകെ പ്രവാസികളുടെ എണ്ണം 5.63 ലക്ഷമായി ഉയര്‍ന്നു.
