വാളയാര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി. വാളയാര്‍ ചെക്പോസ്റ്റിലാണ് വാഹനങ്ങളെത്തിയത്. രാവിലെ എട്ട് മണിയോടെയാണ് വാളയാര്‍ ചെക്പോസ്റ്റിലേക്ക് ആളുകള്‍ എത്തിത്തുടങ്ങിയത്. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പാസ് അനുവദിച്ചിരുന്നു. ഈ പാസ് ലഭിച്ചവര്‍ക്കാണ് പ്രവേശനം.
ചെക്പോസ്റ്റിലെ കര്‍ശനമായ പരിശോധനക്ക് ശേഷമാണ് വാഹനം കടത്തി വിടുന്നത്.14 കൗണ്ടറുകളാണ് കേരളത്തിലേക്കുള്ള വാഹനങ്ങളുടെ പരിശോധിക്കാനായി ഒരുക്കിയത്. കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്കായി രണ്ട് കൗണ്ടറുകളാണുള്ളത്. ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ക്ലര്‍ക്കുമാരും റവന്യു ഉദ്യോഗസ്ഥരും ചെക്പോസ്റ്റിലുണ്ട്.
തെര്‍മല്‍ സ്കാനറുപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കുകയും രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ കടത്തി വിടുകയുമാണ് ചെയ്യുന്നത്. പാസുകള്‍ ക്യു.ആര്‍ കോഡ് ഉപയോഗിച്ച് സ്കാന്‍ ചെയ്യുകയും പോകാന്‍ തടസമില്ലാത്തവര്‍ക്ക് വാഹന പാസ് നല്‍കി യാത്രയാക്കുകയും ചെയ്യും. ഇവര്‍ ക്വാറന്‍റീന്‍ ലംഘിക്കുന്നുണ്ടോ എന്ന് അറിയാനായി അവരുടെ ഫോണില്‍ കോവിഡ് ട്രാക്കിങ് ആപ്ലിക്കേഷനായ ആരോഗ്യ സേതു ആപ് നിര്‍ബന്ധമായി ഡൗണ്‍ലോഡ് ചെയ്തിരിക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്.
കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം 108 ആംബുലന്‍സില്‍ ജില്ല ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റും. ആവശ്യമെങ്കില്‍ അവരുടെ സ്രവം പരിശോധനക്കയച്ച് കൊറോണ കേസ് സെന്ററിലേക്ക് വിടാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
മുത്തങ്ങ, ഇഞ്ചിവിള, ആര്യങ്കാവ്, കുമളി, മഞ്ചേശ്വരം ചെക്പോസ്റ്റുകളിലൂടെയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ കേരളത്തിലെത്തും.
