പത്തനംതിട്ട: മതിയായ രേഖകളോ അനുമതി പത്രമോ ഇല്ലാതെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ടിപ്പറുകളിലും മറ്റും മെറ്റലും ക്രഷറുല്‍പ്പന്നങ്ങളും കടത്തി കൊണ്ടു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി മല്ലപ്പള്ളി, കോയിപ്രം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഷാഡോ പോലീസിനെ ഉപയോഗിച്ച് നടത്തിയ റെയ്ഡില്‍ മൂന്നു ടോറസും മൂന്നു ടിപ്പര്‍ ലോറികളും പിടികൂടി. എം സാന്‍ഡ്, മെറ്റല്‍ എന്നിവ പിടിച്ചെടുത്ത് മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന് കൈമാറിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. തിരുവല്ല പരിയാരം ഭാഗത്തേക്കു കൊണ്ടു പോകുകയായിരുന്ന ഈ വാഹനങ്ങള്‍ തടഞ്ഞു പരിശോധിച്ചപ്പോള്‍ മതിയായ പാസോ രേഖകളോ സൂക്ഷിച്ചിട്ടില്ലെന്ന് മനസിലായതിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസ് പിടിച്ചെടുക്കുകയായിരുന്നു.
തുടര്‍ നടപടികള്‍ക്കായി കിഴ്‌വായ്പൂര്‍, പെരുമ്ബെട്ടി, കോയിപ്രം പോലീസ് സ്റ്റേഷനെ ഏല്‍പ്പിച്ചു. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി:ആര്‍.ജോസിന്റെ നിര്‍ദ്ദേശാനുസരണം ഷാഡോ പോലീസ് എസ്.ഐ:ആര്‍.എസ് രഞ്ജു, രാധാകൃഷ്ണന്‍, എ.എസ്.ഐ മാരായ ഹരികുമാര്‍, വില്‍സണ്‍, സി.പി.ഒ ശ്രീരാജ് എന്നിവര്‍ അടങ്ങിയ ഷാഡോ പോലീസ് സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്. വരും ദിവസങ്ങളിലും അനധികൃതമായി ക്രഷറുല്‍പ്പന്നങ്ങളും പച്ചമണ്ണും മറ്റും കടത്തുന്നവര്‍ക്കെതിരെയും വ്യാജചാരായ നിര്‍മാണത്തിനെതിരെയും കര്‍ശനമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
അബ്കാരി റെയ്ഡിനിടെ മൂഴിയാര്‍ താഴേകോട്ടമണ്‍പാറയില്‍ നിന്നും 50 ലിറ്റര്‍ കോട കണ്ടെത്തി നശിപ്പിച്ചു. വ്യാജചാരായം വാറ്റിയതിന് മൂഴിയാര്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. താഴേകോട്ടമണ്‍പാറ ഇലവുങ്കല്‍ വീട്ടില്‍ വിനോദാണ് പിടിയിലായത്. ഇയാളുടെ വീടിന്റെ അടുക്കളയില്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ കോട കലക്കിയിട്ടിരിക്കുകയായിരുന്നു.
സമൂഹ അടുക്കളയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്ന ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയെ തുടര്‍ന്ന് തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹ്യമാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ പ്രചരിപ്പിച്ച ഈ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
ലോക്ഡൗണ്‍ ലംഘനങ്ങളുടെ പേരില്‍ ജില്ലയില്‍ ഞായര്‍ വൈകിട്ട് 4 മണി മുതല്‍ തിങ്കള്‍ നാലുവരെ 433 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 444 പേരെ അറസ്റ്റ് ചെയ്യുകയും 383 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും മുഖാവരണം ധരിക്കാത്തതിന് 50 പേര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
