പ്രവാസികളുടെ മടക്കം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിപുലമായ ഒരുക്കങ്ങള്‍

മലപ്പുറം : ലോക് ഡൗണില്‍ കുടുങ്ങിയ പ്രവാസികളുമായി ദുബായില്‍ നിന്നുള്ള വിമാനം ഇന്ന് രാത്രി കരിപ്പൂരില്‍ എത്തുമ്ബോള്‍ വിപുലമായ സൗകര്യങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്. ആരോഗ്യ പരിശോധനയ്ക്കുശേഷം പുറത്തിറങ്ങുന്നവരെ കെഎസ്‌ആര്‍ടിസി ബസുകളില്‍ അതത് ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ എത്തിക്കും. രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നവരെ നേരിട്ട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ദുബായില്‍ നിന്ന് പ്രവാസികളുമായി കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന എയര്‍ ഇന്ത്യ എക്സ്‌പ്രസിന്റെ പ്രത്യേക വിമാനത്തിലുണ്ടാകുക ഒന്‍പത് ജില്ലകളിലുള്ളവര്‍. 189 പേരില്‍ 82 പേര്‍ മലപ്പുറത്തു നിന്നാണ്. വ്യാഴാഴ്ച രാത്രി 10.30-ന് വിമാനം കോഴിക്കോട്ടെത്തും. ആരോഗ്യജാഗ്രത ഉറപ്പാക്കിയുള്ള ക്രമീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളതെന്ന് കളക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു. വ്യാഴാഴ്ച അബുദാബിയില്‍നിന്ന് കൊച്ചിയിലെത്തുന്ന വിമാനത്തില്‍ 23 പേരാണ് മലപ്പുറം സ്വദേശികളായുള്ളത്. ഇവരെയും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച്‌ ജില്ലയിലെത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

രോഗലക്ഷണങ്ങളില്ലാത്തവരും ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം നെഗറ്റീവ് ആയവരുമായ ഗര്‍ഭിണികള്‍, പത്തുവയസ്സിന് താഴെയുള്ളവര്‍, പ്രായാധിക്യത്താല്‍ ആരോഗ്യപ്രശ്നങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍, അടുത്ത ബന്ധുവിന്റെ മരണം, അടുത്ത ബന്ധുക്കള്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ എന്നിവരെ കര്‍ശനമായ വ്യവസ്ഥകളോടെയും നിരന്തര ആരോഗ്യനിരീക്ഷണം ഏര്‍പ്പെടുത്തിയും വീടുകളില്‍പ്പോകാന്‍ അനുവദിക്കും. തിരിച്ചെത്തുന്നവരെല്ലാം ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *