മലപ്പുറം: ഇന്ന് കരിപ്പൂരില്‍ മടങ്ങിയെത്തുന്ന പ്രവാസികളില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 85 പേരെ വീടുകളിലേക്ക് ക്വാറന്റൈന് വിടുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെയുള്ള കുട്ടികള്‍, 75 വയസിന് മുകളിലുള്ളവര്‍ എന്നിവരാണ് പ്രത്യേക പരിഗണനാ വിഭാഗത്തില്‍പെടുന്നത്. നിലവില്‍ ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രത്യേക വിമാനത്തില്‍ 189 പേരാണ് യാത്രക്കരായിട്ടുള്ളത്. ഇതില്‍ 19 ഗര്‍ഭിണികള്‍, 51 മെഡിക്കല്‍ പരിചരണം ആവശ്യമുള്ളവര്‍, പത്ത് വയസിന് താഴെ ഏഴ് പേര്, 75 വയസിന് താഴെയുളല ആറ് പേര് എന്നിങ്ങനെയാണ് കണക്ക്. മലപ്പുറം ജില്ലയില്‍ 23 പേരാണ് ഈ ഗണത്തില്‍ വീട്ടിലേക്ക് പോകുന്നത്. ബാക്കി വരുന്നവരെ പരിശോധനകള്‍ക്ക് വിധേയമാക്കി അതത് ജില്ലാ ഭരണകൂടങ്ങള്‍ തയ്യാറാക്കിയ ക്വാറന്റൈന് സംവിധാനത്തിന് കൈമാറും. ജില്ലയില്‍ കാളികാവില്‍ ജില്ലാ ഭരണകൂടമൊരുക്കിയ സ്വകാര്യ ആശുപത്രിയിലെ ക്വാറന്റൈന് കേന്ദ്രത്തിലേക്ക് 52 പേരെ നിരീക്ഷണ വിധേയമായി ശുചിമുറി അടങ്ങിയ ഒറ്റമുറികളില്‍ താമസിപ്പിക്കും. 100 ഒറ്റമുറികളാണ് കൊവിഡ് പ്രതിരോധത്തിനായി ജില്ലാ ഭരണകൂടം കാളികാവിലെ സ്വകാര്യ ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുള്ളത്. മലപ്പുറം 82, പാലക്കാട് എട്ട്, കോഴിക്കോട് 70, വയനാട് 15, കണ്ണൂര്‍ ആറ്, കാസര്‍ഗോഡ് നാല്, ആലപ്പുഴ രണ്ട്, കോട്ടയവും തിരുവനന്തപുരവും ഓരോ വീതം പ്രവാസികളുമാണ് കരിപ്പൂരില്‍ വ്യാഴായ്ച വിമാനമിറങ്ങുന്നത്. അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തുന്ന വിമാനത്തില്‍ 23 പേരാണ് മലപ്പുറം സ്വദേശികളായുള്ളത്. ഇതില്‍ പരിഗണനാ ലിസ്റ്റില്‍ പെട്ട അഞ്ച് പേരെ വീടുകളിലേക്കും ബാക്കി വരുന്ന 18 പേരെ കാലിക്കറ്റ് സര്‍വകലാശാലയുടെ ഇന്റര്‍നാഷണല്‍ ഹോസ്റ്റലിലെ ഒറ്റമുറികളിലാണ് താമസിപ്പിക്കുന്നത്. ഇത് കൂടാതെ യാത്രക്കാര്‍ സ്വന്തം ചെലവില്‍ താമസിക്കാന്‍ സൗകര്യം വേണമെന്ന് ആവശ്യപ്പെടുകയാണെങ്കില് അതിനുള്ള മാര്‍ഗവും ഒരുക്കുമെന്ന് മന്ത്രി വിശദീകരിച്ചു. ഏഴ് ദിവസമാണ് ക്വാറന്റൈന് കാലാവധി. തുടര്‍ന്ന് നടക്കുന്ന പരിശോധനയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടില്ലെങ്കില്‍ പ്രവാസികളെ വീടുകളിലേക്ക് ക്വാറന്റൈന് പറഞ്ഞ് വിടും. സാധാരണഗതിയില്‍ 14 ദിവസമാണ് ക്വാറന്റൈന് കാലാവധി. എന്നാല്‍ യാത്രക്കാരുടെ മാനസിക സംഘര്‍ഷം കുറക്കുന്നതിനായാണ് നിരീക്ഷണം ഏഴ് ദിവസത്തേക്ക് മാറ്റിയതെന്ന് അദ്ദേഹം വ്യക്തമാക്കി. നിരീക്ഷണ കാലയളവില്‍ ഇവര്‍ക്കാവശ്യമായ ഭക്ഷണം കുടുംബശ്രീയെ പ്രയോജനപ്പെടുത്തി എത്തിച്ച് നല്‍കുമെന്ന് കെ ടി ജലീല്‍ ചൂണ്ടിക്കാട്ടി.
