റിയാദ്:- കൊവിഡ് കാലത്തെ പ്രതിസന്ധിയും എണ്ണ വില അന്താരാഷ്ട്ര വിപണിയില്‍ കുത്തനെ കുറഞ്ഞതിലൂടെയുണ്ടായ കടുത്ത സാമ്ബത്തിക ക്ഷീണവും മാറ്റാന്‍ വഴികള്‍ തേടുകയാണ് സൗദി അറേബ്യന്‍ ഭരണകൂടം. വാറ്റ് നികുതി മൂന്നിരട്ടിയാക്കി.
അടുത്ത മാസം മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്ബളം തടയും. ഇത് സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാക്കുന്ന പ്രതിസന്ധി വലുതാണ്. രാജ്യത്ത് ബഹുഭൂരിപക്ഷം വരുന്ന യുവാക്കള്‍ക്ക് ഇത് വിഷമവും സൃഷ്ടിച്ചിട്ടുണ്ട്. മൂന്നില്‍ രണ്ട് സൗദി പൗരന്മാര്‍ക്കും സര്‍ക്കാര്‍ ജോലിയാണുള്ളത്.
ജോലിക്കൊപ്പം പഠനം തുടരുന്ന അബ്ദുള്ളക്ക് സ്വന്തം വീട് എന്ന സ്വപ്നമാണ് ഉയര്‍ന്ന നികുതി നിരക്കും കൊവിഡ് പ്രതിസന്ധിയും മൂലം തട്ടിതെറിപ്പിക്കപ്പെട്ടത്. എന്നാല്‍ കോടീശ്വരന്മാര്‍ക്ക് പാശ്ചാത്യ ക്ളബുകള്‍ ശതകോടികള്‍ക്ക് വാങ്ങുന്ന ധൂര്‍ത്തിന് ഇവിടെ കുറവ് വന്നിട്ടില്ല. രാജഭരണത്തോടുള്ള കൂറ് പ്രകടിപ്പിക്കുന്നവര്‍ക്ക് സബ്സിഡിയും നികുതി ഇളവും നല്‍കുന്ന രീതിയോട് ഇതോടെ ജനങ്ങള്‍ക്ക് അവജ്ഞയും ദേഷ്യവും ഉണ്ടാകാന്‍ ഇടയാകും.
വാറ്റ് നികുതി മൂന്നിരട്ടി വര്‍ദ്ധിക്കുന്നതോടെ ആഡംബരത്തോടെയുള്ള സൗദിയിലെ നിര്‍മ്മാണങ്ങള്‍ക്ക് ചിലവ് കുത്തനെ കൂടും.
2003 നും 2014നുമിടയിലെ കാലത്ത് എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ ഉയരങ്ങള്‍ താണ്ടിയ കാലത്തെ ഇന്ന് സൗദി പൗരന്മാര്‍ ഗൃഹാതുരത്വത്തോടെയാണ് ഓര്‍ക്കുന്നത്. നികുതിയേറിയതിനാല്‍ രാജ്യത്ത് കാറുകളും ഗൃഹോപയോഗ സാധനങ്ങള്‍ മുതല്‍ എല്ലാത്തിലും വില്‍പനയില്‍ ഇടിവ് പ്രവചിക്കുന്ന ഈ കാലഘട്ടത്തില്‍ ഇനിമുതല്‍ പാരിതോഷികങ്ങള്‍ ഭരണകൂടം നല്‍കുന്നത് കുറയാനാണ് സാധ്യത. രാജ്യത്തിന്റെ പ്രധാനവരുമാനമായ എണ്ണവിപണിയിലെ ഇടിവും കൊവിഡ് മൂലമുണ്ടായ ലോക്ഡൗണും രാജ്യത്തിന്റെ വരുമാനത്തിനേല്‍പിച്ച ബുദ്ധിമുട്ട് ചില്ലറയല്ല. ഇത്തരം നടപടികള്‍ എണ്ണയെ മാത്രം ആശ്രയിച്ചിരിക്കുന്ന സൗദി വിപണിയെ മാറ്റിയെടുക്കാനുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ‘വിഷന്‍ 2030’ പദ്ധതിയുടെ ഭാഗമാണെന്ന് ‘ഓകാസ് ദിനപത്രം’ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ കളികളിലും വിനോദങ്ങളിലും ആര്‍ഭാടം കാട്ടുന്ന അബ്ദുള്ള രാജകുമാരന്റെ തീരുമാനങ്ങളെ ചിലര്‍ പക്ഷെ ഇത്തരം തീരുമാനങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്നു. ഇത്തരം വിഷമങ്ങളെ എങ്ങനെ സൗദി ഭരണകൂടം തരണം ചെയ്യും എന്ന് ലോകം ഉറ്രുനോക്കുകയാണ്.
