ഭുവനേശ്വര്‍ : ഒഡീഷയില്‍ ഉംപുന്‍ ചുഴലിക്കാറ്റ് ഭീതിക്കിടെ അഗ്നിരക്ഷാ സേനയുടെ വാഹനത്തില്‍ യുവതി പ്രസവിച്ചു. കേന്ദ്രപാറ ജില്ലയില്‍ ജനകി സേഥി (20) ആണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും സര്‍ക്കാരിന്റെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റിയെന്നും അധികൃതര്‍ വ്യക്തമാക്കി. ഗര്‍ഭിണിയായ ജനകി സേഥി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ജിന്ഹാര ഗ്രാമത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ദുരിതബാധിത കുടുംബത്തില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയത്.
റോഡില്‍ വീണുകിടന്ന മരങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് അഗ്നിരക്ഷാ സേനയ്ക്ക് മുന്നോട്ട് പോകാനായത്. ശക്തമായ കാറ്റിനും മഴയ്ക്കും ഇടയില്‍ വളരെ ബുദ്ധിമുട്ടിയാണ് യുവതിയെ വാഹനത്തിലെത്തിച്ചത്. ഇതിനിടെ യുവതിക്ക് പ്രസവവേദന തുടങ്ങി. പ്രസവസമയത്ത് അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെയായിരുന്നു പ്രസവം.
ചുഴലിക്കാറ്റ് വീശിയടിച്ചതോടെ കനത്തമഴയും കാറ്റുമാണ് ഒഡീഷയില്‍ അനുഭവപ്പെടുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ ഒന്നേകാല്‍ ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ആളുകളെ മാറ്റുന്ന പ്രക്രിയ തുടരുകയാണ്.
