സ്പ്രിംക്ലറിനെ ഒഴിവാക്കി സര്‍ക്കാര്‍; അവശേഷിക്കുന്നത് സോഫ്റ്റ്‌വെയര്‍ അപ്ഡേഷന് കരാര്‍ മാത്രം

കൊച്ചി: സംസ്ഥാനത്ത് കോവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ സ്പ്രിംക്ലറുമായി അവശേഷിക്കുന്നത് സോഫ്റ്റ്‌വെയര്‍ അപ്ഡേഷന് കരാര്‍ മാത്രമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇനി മുതല്‍ ആമസോണ്‍ ക്ലൗഡിലെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ സ്പ്രിംക്ലര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവാദം ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സ്പ്രിംക്ലറിനെ ഒഴിവാക്കിയ സാഹചര്യത്തില്‍ ഡാറ്റ കൈകാര്യം ചെയ്യുന്നതിനാവശ്യമായ സഹായം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കൈവശം ഉള്ള ഡാറ്റകള്‍ നശിപ്പിക്കാനും സ്പ്രിംക്ലറിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. സ്പ്രിംക്ലര്‍ വിഷയവുമായി ബന്ധപ്പെട്ട് വന്‍ വിവാദമാണ് പ്രതിപക്ഷം സൃഷ്ടിച്ചത്. നിരവധി ഹര്‍ജികളും സര്‍ക്കാരിനെതിരെ സമര്‍പ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *