സ്വകാര്യ സ്‌കൂളുകളെ വളര്‍ത്താന്‍ പ്രാദേശികവാദവുമായി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍

പാലക്കാട്: സ്വകാര്യ സ്‌കൂളുകളില്‍ കൊഴിഞ്ഞ് പോക്ക് ഭീഷണി വര്‍ധിക്കുന്നതിനിടെ ഇത്തരം സ്‌കൂളുകളെ പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ വിദ്യാലയ അധികൃതരുടെ ഗൂഢാലോചന.പ്രാദേശിക വാദം ഉയര്‍ത്തിക്കാട്ടി അകലങ്ങളില്‍ നിന്നള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചാണ് പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ അധ്യാപകര്‍ കൂട്ടു നില്‍ക്കുന്നത്. സ്‌കൂളില്‍ സൗകര്യങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നത്. ഇതോടെ രക്ഷിതാക്കള്‍ കുട്ടികളെ സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. പൊതുവിദ്യാലയങ്ങളില്‍ എത്തുന്ന കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കുമ്പോളാണ് സ്വകാര്യമേഖലയെ ശക്തിപ്പെടുത്താന്‍ അധ്യാപകരുടെ ഒത്തുകളി.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ കഴിഞ്ഞയാഴ്ചയാണ് ഒമ്പതാംക്ലാസ് വരെയുള്ള പ്രവേശനം ആരംഭിച്ചത്.പൊതുവിദ്യാലയങ്ങള്‍ക്കൊപ്പം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും അഡ്്മിഷന്‍ തിരക്കാണിപ്പോള്‍. ഇതിനിടയിലാണ് പാലക്കാട് ജില്ലയിലെ ചില സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളെ സീറ്റില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുന്നത്. സ്‌കൂളില്‍ കെട്ടിടമില്ല, സുരക്ഷിതമായ ക്ലാസ് മുറികളില്ല. അധ്യാപകരില്ല തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രവേശനം നിഷേധിക്കുന്നത്. അടുത്ത അധ്യയന വര്‍ഷത്തിലേക്കായി നിര്‍മിച്ചു കൊണ്ടിരിക്കുന്ന പല കെട്ടിടങ്ങളുടെയും നിര്‍മാണം പാതിവഴിയിലായതാണ് പ്രധാന കാരണമായി പറയുന്നത്.
കെട്ടിട നിര്‍മാണം വേനലവധിയിലേക്ക് നീട്ടിവെച്ചതാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വിനയായത്. അവധിക്കാലത്ത് കോവിഡ് ലോക്ഡൗണ്‍ മൂലം പണി നടക്കാതായതോടെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാനായില്ല. ഇതോടെ അടുത്ത അധ്യയന വര്‍ഷവും പല വിദ്യാലയങ്ങളിലും പഴയ കെട്ടിടങ്ങളില്‍ തന്നെ കുട്ടികളെ പഠിപ്പിക്കേണ്ട അവസ്ഥയാണ്. പഴയ കെട്ടിടങ്ങള്‍ സുരക്ഷിതമല്ലെന്ന് സീറ്റ് തേടിയെത്തുന്ന കുട്ടികളുടെ രക്ഷിതാക്കളെ അധ്യാപകര്‍ ആശങ്കപ്പെടുത്തുകയും ചെയ്യുന്നു.
പ്രവേശനം നല്‍കുന്നത് പരിമിതപ്പെടുത്തുന്നതിനായി പ്രാദേശിക കുടുംബങ്ങളിലെ കുട്ടികളെ മാത്രമാണ് പല സര്‍ക്കാര്‍ സ്‌കൂളുകളും പരിഗണിക്കുന്നത്. തൊട്ടടുത്ത പഞ്ചായത്തിലെ കുട്ടികള്‍ക്ക് പോലും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. കുട്ടികള്‍ക്ക് പ്രവേശനത്തിനുള്ള അപേക്ഷാ ഫോം നല്‍കാനും അധ്യാപകര്‍ വിമുഖത കാണിക്കുന്നു. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കില്‍ ഇത്തരത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ട് ഒട്ടേറെ വിദ്യാര്‍ഥികളാണ് സ്വകാര്യ സ്‌കുളുകളില്‍ പ്രവേശനം തേടുന്നത്. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തണമെന്ന് സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോളാണ് സര്‍ക്കാര്‍ സ്‌കുളുകളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട് വിദ്യാര്‍ഥികള്‍ സ്വകാര്യ മേഖലയിലേക്ക് പോകുന്നത്.  

Leave a Reply

Your email address will not be published. Required fields are marked *