മാഡ്രിഡ് : യൂറോപ്പില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യങ്ങളില്‍ ഒന്നാണ് സ്പെയിന്. രോഗികളുടെയും ദിനംപ്രതി മരിക്കുന്നവരുടെയും എണ്ണം കുറഞ്ഞതോടെ രണ്ട് മാസത്തോളമായി നടപ്പാക്കി വന്ന കടുത്ത നിയന്ത്രണങ്ങള്‍ക്ക് സ്പെയിന് ഘട്ടം ഘട്ടമായി ഇളവുകള്‍ നല്കാന് തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി പല ഭാഗങ്ങളിലും ബാറുകളും മറ്റും പകുതി പേരെ മാത്രം ഉള്‍ക്കൊള്ളിച്ച് കൊണ്ട് പ്രവര്‍ത്തനം ആരംഭിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാറുകള്‍ തുറന്നതോടെ സ്പാനിഷ് തെരുവുകളില്‍ അടിയും വഴക്കുമൊക്കെ ഉടലെടുത്തത് അധികൃതര്‍ക്ക് തലവേദനയാകുന്നു.
തെക്കന്‍ സ്പെയിനിലെ മലാഗയിലാണ് കഴിഞ്ഞ ദിവസം പരക്കെ ആക്രമണങ്ങള്‍ ഉണ്ടായത്. മലാഗയിലെ തെരുവുകളില്‍ പബ്ബുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും പുറത്ത് നിരവധി പേര് തമ്മില്‍ സംഘര്‍ഷമുണ്ടായി. കൊവിഡും വൈറസും സാമൂഹ്യ അകലവുമെല്ലാം ഇവര്‍ നിമിഷ നേരം കൊണ്ടാണ് മറന്നത്. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ബാറുകളില്‍ മദ്യപിച്ച് ലക്കുകെട്ട് കസേരകളും വേസ്റ്റ് ബിന്നുകളും എടുത്ത് പരസ്പരം അടിക്കുന്ന ചിലരുടെ വീഡിയോകളും പുറത്തു വന്നിട്ടുണ്ട്. രാത്രി മലാഗയിലെ തെരുവുകളില്‍ അങ്ങോളമിങ്ങോളം മദ്യപസംഘത്തിന്റെ ആക്രമണങ്ങള്‍ ഉണ്ടായത് പൊലീസിനും തലവേദനയായി. മദ്യപിച്ച് ബോധമില്ലാതെ ചിലര്‍ റോഡുകളില്‍ കിടക്കുന്നതായും മഗാഗയിലെ പ്രദേശവാസികള്‍ പരാതി ഉയര്‍ത്തി. സ്പെയിനില്‍ നാല് ഘട്ടങ്ങളായാണ് ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ ഒന്നാംഘട്ട ഇളവുകളിലാണ് മലാഗ ഇപ്പോള്‍.
ഓപ്പണ്‍ എയര്‍ രീതിയില്‍ 50 ശതമാനം ഉപഭോക്താക്കളെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് ബാറുകളും റെസ്റ്റോറന്റുകളും മറ്റും തുറക്കാന്‍ സ്പാനിഷ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ആളുകള്‍ക്ക് വ്യായാമത്തിനായി പുറത്തുപോകാനും കടകള്‍ തുറക്കാനും ഇപ്പോള്‍ അനുമതിയുണ്ട്. അതേസമയം, മാഡ്രിഡ്, ബാഴ്സലോണ തുടങ്ങിയ പ്രദേശങ്ങള്‍ ഇപ്പോഴും കടുത്ത നിയന്ത്രണങ്ങളില്‍ തന്നെയാണ്. ഏത് നിമിഷവും സ്പെയിനില്‍ കൊവിഡിന്റെ ശക്തമായ തിരിച്ചു വരവ് ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുണ്ട്. സ്പെയിനില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെത്തുന്ന പ്രദേശങ്ങളിലൊന്നാണ് മലാഗ. 2019ല്‍ 13 ദശലക്ഷത്തിലേറെ ടൂറിസ്റ്റുകളാണ് മലാഗയിലെത്തിയതെന്നാണ് കണക്ക്. 282,852 പേര്‍ക്കാണ് സ്പെയിനില്‍ ഇതേവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. 28,752 പേര് മരിച്ചു. 74 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് മരിച്ചത്. 482 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
