മലപ്പുറം: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രാഷ്ട്രീയ ധാരണയുണ്ടാക്കാനുള്ള മുസ്്ലിം ലീഗ് നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന് രംഗത്തെത്തി. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും യുഡിഎഫ് മുന്നണിയുടെ ഭാഗമാക്കി ന്യൂനപക്ഷ ധ്രുവീകരണത്തിനാണ് ലീഗിന്റെ നീക്കമെന്ന് വിജയരാഘവന് മലപ്പുറത്ത് പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പ് മാത്രമല്ല, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കം. മതമൗലികവാദ ശക്തികളെ ഉള്‍പ്പെടുത്തി യിഡിഎഫിന്റെ വിപുലീകരണമാണ് ലക്ഷ്യം. ന്യൂനപക്ഷ വര്‍ഗീയ ശക്തികള്‍ക്ക് രാഷ്ട്രീയ പൊതുമണ്ഡലത്തില്‍ ഇടം നല്‍കുന്നത് ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് സാധൂകരണമാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രത്തില്‍ തീവ്ര ഹിന്ദുത്വ നിലപാടുമായാണ് ബിജെപി മുന്നോട്ട് പോകുന്നത്. സാമൂഹിക മേഖലയിലും നിയമനിര്‍മ്മാണത്തിലും ഈ നയങ്ങള്‍ നടപ്പാക്കുന്നു. മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു മാത്രമേ ഇതിനെ ചെറുക്കാനാവൂ എന്നാണ് ഇടതുപക്ഷ നിലപാട്. ഒരു വര്‍ഗീയതയ്ക്ക് മറ്റൊരു വര്‍ഗീയത മറുപടിയല്ല.
തെരഞ്ഞെടുപ്പില്‍ ജനകീയ മുന്നണിയുണ്ടാക്കും എന്നാണ് ലീഗ് പറയുന്നത്. ആ മുന്നണിയില്‍ ആരൊക്കെയുണ്ടാകും എന്ന് വ്യക്തമാക്കണം. ജനപക്ഷ നിലപാടുമായി മുന്നോട്ട് പോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് ഭരണ തുടര്‍ച്ച ഉണ്ടാകാതിരിക്കാനാണ് ശ്രമം. അധികാരമില്ലാതെ ലീഗിന് പിടിച്ചു നില്ക്കനാവില്ല.
തീവ്രവാദ സംഘടനകളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന ലീഗ് നേതാക്കളുടെ പ്രസ്താവനയോട് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചെന്നിത്തല ഇത് കേട്ടിട്ടേയില്ല എന്ന മട്ടാണ്. കോണ്‍ഗ്രസ് പിന്തുണയോടെയാണ് ചര്ച്ചയെന്നന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ഇത് മതനിരപേക്ഷതയ്ക്ക് വലിയ അപകടമാണ്. കേരളീയ പൊതുസമൂഹം ഇത്തരം നീക്കങ്ങളെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധനക്കൊള്ളക്കെതിരെ എല്‍ഡിഎഫ് ബഹുജന പ്രതിഷേധമുയര്‍ത്തും. ഒരസവരം കിട്ടിയാല്‍ സര്‍ക്കാരിനെ ഇടിച്ചു താഴ്ത്താനാണ് യുഡിഎഫ് നേതാക്കളുടെ ശ്രമം. സര്‍ക്കാരിനെ നയപരമായി വിമര്‍ശിക്കാനില്ലാത്തതിനാല്‍ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും വ്യക്തിപരമായി ആക്രമിക്കുകയാണ്. ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യരാകാന്‍ മാത്രേമേ ഇത് ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, ജില്ലാസെക്രട്ടറിയറ്റംഗം വി പി അനില്‍ എന്നിവര്‍ പങ്കെടുത്തു.
