കൊച്ചി: നവംബര്‍ ഒന്നിന് സമ്പൂര്‍ണ ശുചിത്വ (ടോയ്‌ലെറ്റ്) കേരളം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള വിവിധ വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി. ജില്ലയിലെ 82 പഞ്ചായത്തുകളില്‍ 19 എണ്ണം ഇതിനകം സമ്പൂര്‍ണ ശുചിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പഞ്ചായത്തുകളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കക്കൂസ് ഉറപ്പുവരുത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ അതതു പഞ്ചായത്തുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഇതു സംബന്ധിച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ. ജെ. ടോമി അറിയിച്ചു. അസി. കളക്ടര്‍ ഡോ. രേണു രാജും യോഗത്തില്‍ സന്നിഹിതയായിരുന്നു. ജില്ലയില്‍ മൊത്തം 10,358 പുതിയ കക്കൂസുകള്‍ക്കുള്ള അപേക്ഷകളാണു ലഭിച്ചത്. ഇതില്‍ തിരുമാറാടി പഞ്ചായത്താണ് ആദ്യമായി എല്ലാവര്‍ക്കും സമ്പൂര്‍ണ കക്കൂസ് പ്രഖ്യാപനം നടത്തിയത്. മുനിസിപ്പല്‍, കോര്‍പറേഷന്‍ പരിധിയില്‍ സമ്പൂര്‍ണ ശുചിത്വത്തിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെയാണ്. എന്നാല്‍ ഗ്രാമപഞ്ചായത്തുകളില്‍ ഒക്‌ടോബര്‍ 31 മുമ്പ് പദ്ധതി പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. സ്‌കൂളുകള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളില്‍ നിശ്ചയമായും ടോയ്‌ലെറ്റുകള്‍ ഉറപ്പാക്കണം. ഗുണഭോക്താവിന് സ്വന്തംചെലവില്‍ കക്കൂസ് നിര്‍മിക്കാം. ഇതിനുള്ള ചെലവ് തുകയായ 15400 രൂപ സ്വന്തം അക്കൗണ്ടിലേക്ക് പിന്നീട് എത്തും. പഞ്ചായത്തുതലത്തിലും ജില്ലാതലത്തിലും ഇതിന്റെ ഭാഗമായി പരിശോധന ഉണ്ടായിരിക്കും. പൊതു, കമ്മ്യൂണിറ്റി കക്കൂസുകള്‍ നിര്‍മിക്കുന്നതിന് രണ്ടുലക്ഷം രൂപ വരെ സഹായമുണ്ട്. കുട്ടമ്പുഴ, ചെല്ലാനം, പള്ളുരുത്തി എന്നീ പഞ്ചായത്തുകളില്‍ പദ്ധതി നടപടികള്‍ വേഗത്തിലാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. കക്കൂസ് നിര്‍മാണത്തിന് ഇനിയും തയാറാകാത്തവരെ അതിലേക്ക് കൊണ്ടുവരുന്നതിന് ബോധവത്കരണ നടപടികള്‍ ഊര്‍ജിതമാക്കും. ഇതിനായി പഞ്ചായത്തു സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി. തീരമേഖലയിലെ പഞ്ചായത്തുകള്‍ കക്കൂസുകള്‍ നിര്‍മിക്കുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന പ്രത്യേക മാതൃകകള്‍ തയാറാക്കും. ഇതിനായി വിവിധ ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏതു തരത്തിലുള്ള ടാങ്കുകള്‍ ഇവിടെ സ്ഥാപിക്കുമെന്നതാണ് വിഷയമായിട്ടുള്ളത്. 11 പഞ്ചായത്തുകളില്‍ ഇതുവരെ കുടുംബശ്രീ പ്രവര്‍ത്തകള്‍ കക്കൂസ് നിര്‍മാണത്തിന് സഹായം നല്‍കിവരുന്നതായി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടാനി തോമസ് അറിയിച്ചു. ഇനി 120 പേര്‍ക്കു കൂടി പരിശീലനം നല്‍കുന്നുണ്ട്. പഞ്ചായത്തുകള്‍ ഇതുവരെ സമര്‍പ്പിച്ച പല്‍നുകള്‍ക്കെല്ലാം അംഗീകാരം നല്‍കിയതായി ജില്ലാ ആസൂത്രണ സമിതി ഓഫീസര്‍ സാലി ജോസഫ് പറഞ്ഞു. ബാക്കിയുള്ള പഞ്ചായത്തുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയില്‍ ഉടന്‍ അനുമതി നല്‍കും. സ്ഥലം ലഭ്യമാക്കുകയാണെങ്കില്‍ കോര്‍പറേഷനില്‍ കൂടുതല്‍ ടോയ്‌ലെറ്റുകള്‍ നിര്‍മിക്കാന്‍ തയാറാണെന്ന് കെട്ടിട നിര്‍മാതാക്കളുടെ സംഘടനയായ ക്രെഡായ് പ്രതിനിധി അറിയിച്ചു
